കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്ത് കീഴുകര പിച്ചനാട്ട് കോളനി നിവാസികൾ പകർച്ചവ്യാധി പടർന്നു പിടിക്കുമെന്ന ആശങ്കയിലാണ്. കോളനിക്കു സമീപത്തുകൂടി ഒഴുകുന്ന പൊങ്ങണംതോടിൽ ദുർഗന്ധം വമിക്കുന്ന മലിനജലം കെട്ടിക്കിടക്കുകയാണ്. ഇവിടെ കിണറുകളിൽ മാലിന്യം കലർന്ന വെള്ളമാണ് ലഭിക്കുന്നത്. അതുമൂലം ഇവിടെ താമസിക്കുന്ന പലരും മാരക രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. കോളനിയിലേക്കുള്ള കലുങ്ക് പണിയുമായി ബന്ധെപ്പെട്ട് ഈ തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. മലിനജലം കെട്ടികിടന്ന് അസഹ്യമായ ദുർഗന്ധം അനുഭവപ്പെടുന്നതുമൂലം ആഹാരം പോലും കഴിക്കാനാകാത്ത ദുസ്ഥിതിയിലാണ് കോളനി നിവാസികൾ. യുഡിഫ് ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റുമായ വിക്ടർ ടി തോമസ് സ്ഥലം സന്ദർശിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരെ വിളിച്ചു വരുത്തുകയും, സ്ഥിതി ഗതികൾ ബോധിപ്പിക്കുകയും ചെയ്തു. എംഎൽഎ ഫണ്ടിൽ നിന്നും അടിയന്തിരമായി തുക അനുവദിച്ച് പൊങ്ങണംതോടു ശുദ്ധീകരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. . പഞ്ചായത്ത് അംഗം ആനി ജോസഫ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിനു പരപ്പുഴ, സുനു മണ്ണിൽ എന്നിവരും പങ്കെടുത്തു.