പത്തനംതിട്ട : നഗരസഭാ ചന്തയിൽ ആരംഭിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത നഗരസഭ കൗൺസിൽ യോഗം തീരുമാനമാകാതെ പിരിഞ്ഞു. വീണാ ജോർജ് എം.എൽ.എ അനുവദിച്ച 99.90 ലക്ഷം രുപ ഉപയോഗിച്ചുള്ള പദ്ധതിയാണിത്. കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്മെൻറ് കോർപ്പററേഷനാണ് നിർവഹണ ഏജൻസി. ചന്തയിലെ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ച് പുതിയത് പണിയുന്നതാണ് പദ്ധതി. കച്ചവടക്കാരെ പുനരധിവസിപ്പിച്ച ശേഷം പണി ആരംഭിച്ചാൽ മതിയെന്ന് ഭൂരിഭാഗം കൗൺസിൽ അംഗങ്ങളും പറഞ്ഞു. പഴയ കെട്ടിടം പൊളിക്കുമ്പോൾ ഇറച്ചി, മീൻ സ്റ്റാളുകളിൽ കച്ചവടം നടത്തുന്നവർക്കാണ് പ്രധാനമായും പുനരധിവാസം വേണ്ടത്. ഇതിന് വ്യക്തത വരാതെ കെട്ടിടം പൊളിച്ചാൽ കച്ചവടക്കാരുടെ ഉപജീവന മാർഗം ഇല്ലാതാകുമെന്ന് കൗൺസിൽ അംഗങ്ങൾ പറഞ്ഞു. നഗരസഭയെ അറിയിക്കാതെ നിർവഹണ ഏജൻസി ടെൻഡർ നടപടികൾ സ്വീകരിച്ചതിൽ യു.‌ഡി.എഫ് കൗൺസിൽ അംഗങ്ങൾ പ്രതിഷേധിച്ചു. കൂടുതൽ വ്യക്തത വേണമെന്ന നിലപാടിൽ കൗൺസിൽ അംഗങ്ങൾ ഉറച്ചുനിന്നതോടെ തീരുമാനമാകാതെ കൗൺസിൽ പിരിയുകയായിരുന്നു.

നഗരസഭ അദ്ധ്യക്ഷ റോസ്ലിൻ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എ. സഗീർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. ജാസിംകുട്ടി, സിന്ധു അനിൽ, സജി കെ സൈമൺ, കൗൺസിലർമാരായ അഡ്വ റോഷൻ നായർ, വി മുരളീധരൻ, ദീപു ഉമ്മൻ, പി.വി അശോക് കുമാർ, അൻസർ മുഹമ്മദ് , സെക്രട്ടറി എ എം മുംതാസ്, എന്നിവർ സംസാരിച്ചു. .