തിരുവല്ല: ലോക്ക് ഡൗൺ കാലത്തു കോടതികളുടെ പ്രവർത്തനം പൂർണമായി നടക്കാത്ത സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കി. പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെയാണ് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് വിഡിയോയിലൂടെ കണ്ടു നടപടികൾ പൂർത്തിയാക്കി ജാമ്യം അനുവദിച്ചത്. ഈ മാസം 13നു നെടുമ്പ്രം എ.എൻ.സി ജംഗ്ഷനിൽ അനുവദനീയമായ പാസോ മറ്റോ ഇല്ലാതെ അനധികൃതമായി എംസാൻഡ് കയറ്റികൊണ്ടുവന്ന ലോറി പിടികൂടിയിരുന്നു. റാന്നി കാവുങ്കൽ ഗ്രാനൈറ്റ്സിന്റെ റാന്നി യാർഡിൽ നിന്ന് എംസാൻഡ് കയറ്റിയ ലോറി വ്യാജ പാസുമായാണ് ലോഡുമായെത്തിയത്. വ്യാജമായി പാസ് നിർമിച്ച പ്രതി മലയാലപ്പുഴ മുക്കുഴി പ്രവീൺ എസ്. നാരായണനെയാണ് അറസ്റ്റ് ചെയ്തത്.
പൊലീസിന്റെ ക്രൈം ഡ്രൈവ് സംവിധാനത്തിലൂടെ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയാണ് വീഡിയോ കോൺഫറൻസിംഗ് ഒരുക്കിയത്. പൊലീസിന്റെ ക്രൈം ഡ്രൈവ് ആപ്പ് ഉപയോഗപ്പെടുത്തി, യൂസർ ഐഡിയും പാസ് വേഡും മജിസ്‌ട്രേറ്റിനു ലഭ്യമാക്കി പ്രതിയെ കണ്ടു നടപടികൾ പൂർത്തിയാക്കുകയായിരുന്നുവെന്നു ജില്ലാ പൊലീസ് മേധാവി പറഞ്ഞു.