തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ കോതകാട്ട് - കൂരച്ചാൽ തോട്ടിൽ സംരക്ഷണഭിത്തിയും കോവൂർ കുളിക്കടവും നിർമ്മാണം പൂർത്തിയാക്കി.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാനമന്ത്രി കൃഷി സിഞ്ചായ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം നടത്തിയത്. പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് നിർമ്മാണം. ഇതേ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപയുടെ വിവിധ പദ്ധതികളാണ് ബ്ലോക്കിൽ നടപ്പാക്കുന്നത്.തോട്ടിൽ സംരക്ഷണഭിത്തിയും കുളിക്കടവും നിർമ്മിച്ചെങ്കിലും ശുചീകരണം നടക്കാത്തതിനാൽ പായലും പോളയും നിറഞ്ഞുകിടക്കുകയാണ്.കുട്ടനാട് പാക്കേജിലും ഹരിതകേരള മിഷൻ പദ്ധതിയിലും തോട് ശുചീകരണം ഉൾപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും തോട് ശുചീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ കുര്യൻ പറഞ്ഞു.