ചെറിയനാട്: ചെറിയനാട്ടെ വിദ്യാലയ മുത്തശിക്ക്ശാപമോക്ഷം നൽകണമെന്ന ആവശ്യം ശക്തമാകുന്നു. നൂറു വർഷത്തിലധികം പഴക്കമുള്ള ചെറിയനാട് ഗവൺമെന്റ് ജെ.ബി.എസ് വിദ്യാലയത്തിനാണ് ക്ലാസ് റൂമുകൾ ഇല്ലാതെ അദ്ധ്യാപകരും കുട്ടികളും വിഷമിക്കുന്നത്.

പുതിയ കെട്ടിടം പണിയാനായി സജി ചെറിയാൻ എം.എൽ.എ ഒരു കോടി അനുവദിച്ചെങ്കിലും ഇതുവരെ പണി ആരംഭിച്ചിട്ടില്ല.കഴിഞ്ഞ വർഷം നവംബറിലാണ് തറക്കല്ലിട്ടത്.കരാറുകാരൻ പണി ഉപേക്ഷിച്ചു പോയെന്നും ഇനി പുതിയ കരാർ നൽകണമെന്നുമാണ് അധികൃതർ പറയുന്നത്.പണ്ട് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഇവിടം ഇടക്കാലത്ത് കുട്ടികളില്ലാതെയായിരുന്നു. എന്നാൽ ഇപ്പോൾ ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. അവിടെ പഠിച്ചു കൊണ്ടിരുന്ന കുട്ടികളെ ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ യു.പി വിഭാഗം പ്രവർത്തിച്ചിരുന്ന ക്ലാസുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതുമൂലം അവിടുത്തെ യു.പി വിഭാഗം കുട്ടികളെ പരിമിതമായ സാഹചര്യത്തിൽ ആഡിറ്റോറിയത്തിൽ വച്ചാണ് ക്ലാസ് നടത്തുന്നത്. ഇത് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്.പുതിയ കെട്ടിടത്തിന്റെ പണികൾ പുനരാരംഭിക്കണമെന്ന് രക്ഷകർത്താക്കളുടെ ആവശ്യം ശക്തമാണ്.

.