പത്തനംതിട്ട: കോന്നി വനം ഡിവിഷനിലെ പാടം, കരിപ്പാൻതോട് മേഖലകളിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന തേക്ക് മരങ്ങൾ വെട്ടി കടത്തിയ കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് രണ്ട് റേഞ്ച് ഒാഫീസർമാർ അടക്കം 12 വനപാലകരെ സസ്പെന്റ് ചെയ്തു. ചില വനപാലകരുടെ ഒത്താശയോടെ നടന്ന തടി കടത്ത് കഴിഞ്ഞ ഏപ്രിൽ 18ന് കേരളകൗമുദിയാണ് പുറത്തുകൊണ്ടുവന്നത്.
കേസിന്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന നടുവത്തുമൂഴി റേഞ്ച് ഒാഫീസർ എസ്.ഫസലുദ്ദീൻ, കരിപ്പാൻതോട് മുൻ ഡെപ്യൂട്ടി റേഞ്ച് ഒാഫീസറും റാന്നി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഒാഫീസറുമായ എസ്.രാജേഷ്, ഫോറസ്റ്റർ ബി.സോമൻ, സെക്ഷൻ ഫോറസ്റ്റ് ഒാഫീസർ സി.കെ.ഷാജി, ബീറ്റ് ഒാഫീസർമാരായ ബി.ജയമോഹൻ, എ.സെയ്ദ് യൂസഫ്, കെ.അരുൺകുമാർ, ആർ.അജയകുമാർ, അജീഷ് എം.ഷിനോസ്, ബീന മാത്യു, എസ്.എസ്.സൗമ്യ, ട്രൈബൽ വാച്ചർ വി. ആർ. രാജൻ എന്നിവരെയാണ് പുനലൂർ ഫ്ളയിംഗ് സ്ക്വാഡ് ഡി.എഫ്.ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദക്ഷിണമേഖല സി.സി.എഫ് സസ്പെന്റ് ചെയ്തത്.
വനമേഖലയിൽ നിന്ന് ആറ് കൂറ്റൻ തേക്കുമരങ്ങൾ വെട്ടി കടത്തിയ സംഭവത്തിലാണ് നടപടി. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഹാരിസൺ മലയാളം പ്ളാന്റേഷൻ തോട്ടത്തിൽ നിന്ന് വെട്ടിയ റബർ തടികൾക്കിടയിൽ ഒളിപ്പിച്ചാണ് തേക്ക് കഷണങ്ങൾ കടത്തിയത്. കല്ലേലി ചേക്ക് പോസ്റ്റ് വഴി തടി കടത്തിയത് വനപാലകരുടെ അറിവോടയായിരുന്നു. പന്തളം സ്വദേശിയായ സെക്ഷൻ ഫോറസ്റ്റ് ഒാഫീസറുടെ വീട് പണിക്ക് തേക്ക് തടികൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. കോന്നി വനംവകുപ്പ് ക്വാർട്ടേഴ്സിൽ വനപാലകരും തടി വെട്ടിക്കടത്തിയവരും പല രാത്രികളിൽ ഗൂഢാലോചന നടത്തിയിരുന്നു. പാടം, കരിപ്പാൻതോട് മേഖലയിലെ ഉൾവനത്തിന് തീയിട്ട് ഉദ്യോഗസ്ഥരുടെ ശ്രദ്ധതിരിച്ചശേഷമാണ് തടി കടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
അന്വേഷണത്തിൽ വീഴ്ചവരുത്തിയതിനാണ് റേഞ്ച് ഒാഫീസർമാരെ സസ്പെന്റ് ചെയ്തത്. അന്വേഷണവുമായി സഹകരിക്കാതെ, അന്വേഷണ സംഘത്തിന്റെ നീക്കങ്ങൾ പ്രതികൾക്ക് ചോർത്തിക്കൊടുത്തതിനാണ് സി.കെ ഷാജിയെയും അജീഷ് എം. ഷിനോസിനെയും സസ്പെന്റ് ചെയ്തത‌്.
വനംകൊള്ളയ്ക്ക് പിന്നിൽ വൻലോബി
പത്തനംതിട്ട: കോന്നിയിലെ വനം കൊള്ളയ്ക്ക് പിന്നിൽ വൻ രാഷ്ട്രീയ മാഫിയ ബന്ധമുള്ളതായും ജില്ലയിൽ വ്യാപകമായ വനംകൊള്ളയ്ക്ക് സി.പി.എമ്മും എൽ.ഡി.എഫും കളമൊരുക്കുന്നതിന്റെ ലഘുരൂപം മാത്രമാണ് കോന്നിയിൽ നടന്നതെന്നും ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജും ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറവും ആരോപിച്ചു.
അന്വേഷണം കൈമാറി
പത്തനംതിട്ട: കോന്നിയിലെ വനംകൊള്ളയുടെ അന്വേഷണം നടുവത്തുമൂഴിയിലെ പുതിയ റേഞ്ച് ഒാഫീസർ അജീഷിന് കൈമാറി. കഴിഞ്ഞ ദിവസം അദ്ദേഹം ചാർജെടുത്തു.