പത്തനംതിട്ട: കോന്നിയിലെ വനംകൊള്ള സംബന്ധിച്ച അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന പേരിൽ നിരപരാധികളായ വനപാലകരെയും സസ്പെന്റ് ചെയ്തെന്ന് ആക്ഷേപം. അന്വേഷണത്തിന് നേതൃത്വം കൊടുത്തവരും ജീവൻ അപായപ്പെടുമെന്ന ഭീഷണി വകവയ്ക്കാതെ തെളിവുകൾ ശേഖരിച്ചവരും സസ്പെൻഷനിലായവരുടെ കൂട്ടത്തിലുണ്ട്.
പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയും കടത്തിയ തടി ഉപയോഗിച്ച് വീട് പണിയുകയും ചെയ്ത വനപാലകരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. എന്നാൽ, അന്വേഷണത്തിന് ആത്മാർത്ഥമായി പ്രവർത്തിച്ചവരെയും നിയമനം ലഭിച്ച് ഒരു വർഷം പോലും പൂർത്തിയാകാത്തവരെയും കുറ്റം ചെയ്തവർക്കൊപ്പം ചേർത്ത് സസ്പെന്റ് ചെയ്തതിൽ വനംവകുപ്പിലെ വിവിധ സംഘടന ഭാരവാഹികൾ മുതിർന്ന ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചു.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടന്ന വനംകൊള്ളയിലെ പ്രതികളെ കണ്ടെത്തുന്നതിലും തെളിവുകൾ ശേഖരിക്കുന്നതിലും വനംവകുപ്പ് രഹസ്യാന്വേഷണ വിഭാഗം താൽപ്പര്യമെടുത്തില്ലെന്നാണ് മറ്റൊരു ആക്ഷേപം. ജില്ലയിൽ വനംവകുപ്പിന്റെ രഹസ്യാന്വേഷണ വിഭാഗമായി പ്രവർത്തിക്കുന്നത് റാന്നിയിലെ ഫ്ളയിംഗ് സ്ക്വാഡ് ആണ്. ഒരു റേഞ്ച് ഒാഫീസറും പത്ത് ബീറ്റ് ഫോറസ്റ്റ് ഒാഫീസർമാരും സ്ക്വാഡിലുണ്ട്. ആവശ്യത്തിന് വാഹനങ്ങളുണ്ടായിട്ടും വനംകൊള്ള സംബന്ധിച്ച് അന്വേഷിച്ചില്ല. വനംവകുപ്പ് ജീവനക്കാരുടെ വിവിധ സംഘടനാ ഭാരവാഹികളാണ് രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്നവരേറെയും.
തടി വെട്ടിക്കടത്തിയ പ്രതികളും കൊള്ളയ്ക്ക് കൂട്ടുനിന്ന വനപാലകരും ചേർന്ന് തെളിവുകൾ നശിപ്പിക്കുന്നതിന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അലംഭാവം ഗുണം ചെയ്തുവെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി.