പത്തനംതിട്ട : മണിയാർ ബാരേജിലെ നീരൊഴുക്ക് വർദ്ധിച്ചതിനാൽ ജലനിരപ്പ് 34.60 മീറ്ററായി നിലനിർത്തുന്നതിന് അഞ്ചു ഷട്ടറുകളും പരമാവധി 50 സെന്റിമീറ്റർ വരെ ഉയർത്തി അധിക ജലം കക്കാട്ടാറിലേക്ക് തുറന്ന് വിടേണ്ട സാഹചര്യമാണുള്ളത്. കനത്ത മഴയ്ക്കു സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും (മഞ്ഞ അലർട്ട്) നിലവിലുണ്ട്. കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഉള്ളതിനാലും, മണിയാർ ബാരേജിന്റെ മുകൾ ഭാഗത്തുള്ള കാരിക്കയം, അള്ളുങ്കൽ ജലവൈദ്യുത പദ്ധതികളിൽ ഉത്പാദനം കൂട്ടിയിരിക്കുന്നതിനാലും റിസർവോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടിരിക്കുകയാണ്.
ഷട്ടറുകൾ ഉയർത്തുന്നതു മൂലം കക്കാട്ടാറിൽ 30 സെന്റീ മീറ്റർ മുതൽ 100 സെന്റീ മീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. ഇതിനാൽ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും, മണിയാർ, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും, ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു.