പത്തനംതിട്ട : ലോക്ക് ഡൗൺ മൂലം വിപണി നഷ്ടപ്പെട്ട റമ്പൂട്ടാൻ കർഷകരെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാജു എബ്രഹാം എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനോടും, കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാറിനോടും അഭ്യർത്ഥിച്ചു. ജില്ലയിൽത്തന്നെ ഒരു ലക്ഷത്തിലധികം റമ്പൂട്ടാൻ കർഷകരുണ്ട്. സാധാരണഗതിയിൽ മേയ് മാസത്തിലാണ് റമ്പൂട്ടാൻ കായ്ക്കുക. ജൂൺ മാസം പകുതി കഴിയുന്നതോടെയാണ് പഴങ്ങൾ പാകമാകുന്നത്. അപ്പോൾത്തന്നെ തമിഴ്‌നാട്ടിൽ നിന്നും മറ്റുമുള്ള മൊത്ത വിതരണക്കാരായ കച്ചവടക്കാർ എത്തി കച്ചവടം ഉറപ്പിച്ച് വലയിട്ട് കായ സംരക്ഷിക്കുകയും പാകമാകുമ്പോൾ പറിച്ചുകൊണ്ടുപോവുകയുമാണ് പതിവ്. എന്നാൽ, ഇത്തവണ ലോക്ക്ഡൗൺ കാലഘട്ടം ആയതിനാൽ ആരും ഇത് വാങ്ങാൻ എത്തിയിട്ടില്ല. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ വഴിയും ഹോർട്ടികോർപ്പ് ഇക്കോ ഷോപ്പ് വഴിയും ഇവ വിൽപ്പന നടത്താനുള്ള നടപടി സ്വീകരിക്കണം