@ പ്രതികൾ ഒളിവിൽ

പത്തനംതിട്ട: സീതത്തോട് ഗുരുനാഥൻണ്ണിൽ കാട്ടുപോത്തിനെ വെടിവച്ച് കൊന്ന കേസ് പ്രതികളിൽ നിന്ന് പണം വാങ്ങി ഒതുക്കി തീർക്കാൻ ശ്രമിച്ച കേസിൽ നാല് വനപാലകരെ സസ്പെന്റ് ചെയ്തു. രണ്ടു വനപാലകരെ സ്ഥലം മാറ്റി. ഗുരുനാഥൻമണ്ണ് ഡെപ്യൂട്ടി റേഞ്ച് ഒാഫീസർ എസ്.അനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഒാഫീസർ വി.ജി.സജികുമാർ, ബീറ്റ് ഫോറസ്റ്റ് ഒാഫീസർമാരായ എച്ച്.ഷാജി, എസ്.എസ്. ആത്മപ്രതീഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. സംഭവം അറിഞ്ഞിട്ടും തക്ക സമയത്ത് റിപ്പോർട്ട് ചെയ്യുത്തതിന് ബി.എഫ്.ഒ മാരായ ജി.എസ്. പ്രദീപിനെ എരുമേലി റേഞ്ചിലേക്കും എം.എ ഷാജിയെ റാന്നി ഡി.എഫ്.ഒ ഒാഫീസിലേക്കും സ്ഥലംമാറ്റി.

റാന്നി ഡി.എഫ്.ഒ ബി.ഉണ്ണികൃഷ്ണന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എ.സി.എഫ് ഹരികൃഷ്ണൻ, റേഞ്ച് ഒാഫീസർ ജി. വേണു എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

പ്രതികളെ കണ്ടെത്താനായില്ല. അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്ന് ഡി.എഫ്.ഒ പറഞ്ഞു. കഴിഞ്ഞ 30നായിരുന്നു സംഭവം.

@ പോത്തല്ലെന്ന് സ്ഥാപിക്കാൻ കാളയെ കാെന്നു

ഗുരുനാഥൻ മണ്ണിൽ കാട്ടുപോത്തിനെ വെടിവച്ച് കൊന്ന കേസിൽ അന്വേഷണം വഴിതെറ്റിക്കാൻ കാളയെ വെട്ടിക്കൊന്ന് കുഴിച്ചിട്ടു. പ്രതികളും ഡി.എഫ്.ഒ ഒാഫീസിലേക്ക് സ്ഥലംമാറ്റപ്പെട്ട വനപാലകനും ചേർന്നാണ് ഇൗ രീതിയിൽ തെളിവില്ലാതാക്കൻ ശ്രമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. രണ്ട് ലക്ഷത്തോളം രൂപയുടെ ഇടപാട് നടന്നതായാണ് സൂചന. ഇതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. എന്നാൽ, വെടിവച്ച കാട്ടുപോത്തിന്റെ തലയും തോക്കും കണ്ടെടുത്തതോടെ അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമം പൊളിഞ്ഞു. നേരത്തെ വനസംരക്ഷണ സമിതിയുടെ നാല് ലക്ഷം രൂപ തട്ടിയെടുത്തകേസിലും വ്യാജവാറ്റുകാരിൽ നിന്ന് പണം വാങ്ങിയ കേസിലും പിടിയിലായയാണ് ഇൗ ഉദ്യോഗസ്ഥൻ. ഇയാൾക്കെതിരെ കൂടുതൽ നടപടി ഉണ്ടായേക്കും.