തണ്ണിത്തോട്: റബറിന്റെ കാലക്കേട് മാറാത്തത് കർഷകരെ വലയ്ക്കുകയാണ്. വിപണി വിലയെക്കാൾ ഉത്പ്പാദന ചെലവ് കൂടിയപ്പോൾ കർഷകർ റബർത്തോട്ടങ്ങളിൽ നിന്ന് പിൻവാങ്ങിത്തുടങ്ങി. ടാപ്പിംഗ് നടത്താതെയും റീപ്ലാന്റ് ചെയ്യാതെയും റബർത്തോട്ടങ്ങൾ കാടുകളായി മാറി. തൈകൾ നട്ട് കളകൾ കൃത്യമായി നീക്കം ചെയ്ത് വളപ്രയോഗം നടത്തി ഏഴാം വർഷം ടാപ്പിംഗിന് പാകമാകുമ്പോൾ വരെ ചെലവാകുന്ന തുക തിരിച്ചു ലഭിക്കുന്നില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണം.
തണ്ണിത്തോട്, തേക്കുത്തോട്, കൊക്കാത്തോട്, കല്ലേലി, മലയാലപ്പുഴ, അരുവാപ്പുലം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം റീപ്ലാന്റ് ചെയ്യാതെയും ടാപ്പിംഗ് നടത്താതെയും തോട്ടങ്ങൾ നശിക്കുകയാണ്.
2012 ൽ തുടങ്ങിയ പതനത്തിൽ നിന്ന് കരകയറാനാവാതെ റബർ മരങ്ങൾ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് മാറുകയാണ് കർഷകർ. ഏപ്രിൽ, മേയ് മാസങ്ങളിൽ റബർ വില കൂടുന്നതാണ് പതിവ്. ഇക്കാലത്തുണ്ടാകുന്ന വിലക്കയറ്റം റബർ ഉണക്കി സൂക്ഷിക്കുന്ന കർഷകർക്ക് മുൻപ് പ്രയോജനമാകുമായിരുന്നു. ഭൂരിഭാഗം കർഷകരും വർഷകാലത്ത് റബർ വിൽക്കാതെ സൂക്ഷിച്ചു വയ്ക്കുന്ന പതിവുമുണ്ടായിരുന്നു. ഇപ്പോൾ വേറെ വഴിയില്ലാതെ കൈവശമുള്ള റബർ 115 രൂപയ്ക്ക് വിറ്റഴിക്കുകയാണ് കർഷകർ.
ലോക്ക് ഡൗണും ബാധിച്ചു
മഴക്കാലത്ത് ടാപ്പിംഗിനായി റെയിൻ ഗാർഡ് ഇടുന്നതിനുള്ള പോളിത്തീൻ, ബിറ്റുമെൻ തുടങ്ങിയവയുടെ ലഭ്യത കുറവും ലോക്ക് ഡൗണിനെ തുടർന്നുണ്ടായി. ആസിഡ് അടക്കമുള്ള റബർഷീറ്റ് ഉത്പ്പാദന സാമഗ്രികളുടെ വിലയും വർദ്ധിച്ചപ്പോൾ ഒട്ടുപാൽ, ചിരട്ടപ്പാൽ എന്നിവയുടെയും വില കുറഞ്ഞു. മലയോരത്തെ വലിയൊരു വിഭാഗം കർഷകരുടെയും ടാപ്പിംഗ് തൊഴിലാളികളുടെയും ഉപജീവനമാണ് വഴിമുട്ടിയിരിക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് റബറിന്റെ ഉപഭോഗത്തിൽ 2 ലക്ഷം ടണ്ണിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായത്. ടയർ കമ്പനികൾ വ്യാപാരികളിൽ നിന്ന് റബർ വാങ്ങിയാൽ മാത്രമേ കർഷകരിൽ നിന്ന് വ്യാപാരികൾക്ക് റബർ സംഭരിക്കാൻ കഴിയൂ. ലോക് ഡൗൺ സമയത്ത് 700 കോടി രൂപയുടെ സ്റ്റോക്ക് സംസ്ഥാനത്തെ വ്യാപാരികളുടെ കൈവശം കെട്ടി കിടന്നിരുന്നു.
ശരാശരി റബറിന്റെ ഉപഭോഗം 55,000 മുതൽ 60,000 ടൺ വരെയാണ്. ഇതിൽ 30,000 ടൺ ഇറക്കുമതിയിൽ നിന്നും ബാക്കി ആഭ്യന്തര വിപണിയിൽ നിന്നുമാണ് ലഭിക്കുന്നത്.
റബർ വില
ആർ.ആർ.എസ് 4 - 115 രൂപ,
ആർ.ആർ.എസ് 5 - 110 രൂപ