ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും നാളെ മുതൽ ബസ് സർവീസുകൾ പുന: രാരംഭിക്കും. ചെങ്ങന്നൂരിനെ ഹോട്ട്സ്‌പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടും സർവീസുകൾ ഡിപ്പോയിൽ നിന്നും ആരംഭിക്കാത്തിൽ പ്രധിഷേധം ഉയർന്നിരുന്നു. ഇവിടെ നിന്നും സർവീസ് നടത്തിയിരുന്ന ആലപ്പുഴ,ഹരിപ്പാട്,താമരക്കുളം സർവീസുകളും ഹരിപ്പാട് ഡിപ്പോയിൽ നിന്നും ചെങ്ങന്നൂരിലേക്കുള്ള ബസ് സർവീസും പുന:രാരംഭിക്കും. ഹോട്ട്സ്‌പോട്ടിൽ നിന്നും നഗരസഭയെ ഒഴിവാക്കിയിട്ടും ബസ് സ്റ്റാന്റ് നഗരസഭാ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ നിറുത്തിവെച്ച ബസ് സർവീസ് കെ.എസ്.ആർ.ടി.സി.പുന:രാരംഭിച്ചിരുന്നില്ല.കഴിഞ്ഞ 24നാണ് ചെങ്ങന്നൂർ നഗരസഭയെ ഹോട്ട്സ്‌പോട്ടാക്കി പ്രഖ്യാപിച്ചത്.തൊട്ടടുത്ത ദിവസം തന്നെ നഗരസഭ മൂന്നാം വാർഡ് മാത്രം അതീവ തീവ്രമേഖലയായി പ്രഖ്യാപിച്ച് നഗരസഭയെ ഹോട്ട്സ്‌പോട്ടിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.ഹോട്ട്സ്‌പോട്ട് ഒഴിവാക്കിയ സാഹചര്യത്തിൽ നഗരസഭയിലെ ഉൾപ്പെടെയുള്ള സർക്കാർസ്വകാര്യ സ്ഥാപനങ്ങളിലേയും മറ്റ് അവശ്യസർവീസിൽ ഉൾപ്പെടുന്നവരും കെ.എസ്.ആർ.ടി.സി.ബസ് ഇല്ലാത്തതിനാൽ ജോലിക്ക് ഹാജരാകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും നഗരസഭാ ചെയർമാൻ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയെ തുടർന്നാണ് നടപടി. ഡി.ടി.ഒ ജേക്കബ് മാത്യു മദ്ധ്യമേഖലാ എകിസിക്യൂട്ടിവ് ഡയറക്ടർ എൻ.പി.സുകുമാരനെ വിവിരമറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ബസ് സർവീസുകൾ പുനരാരംഭിക്കുന്നത്.