തിരുവല്ല: അടിസ്ഥാനസൗകര്യം ഉൾപ്പെടെ തിരുവല്ല റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് പുതിയമുഖം നൽകിയ സ്റ്റേഷൻ മാനേജർ പടിയിറങ്ങുന്നു. 2015ൽ തിരുവല്ല സ്റ്റേഷനിൽ മാനേജരായി ചുമതലയേറ്റ പി.കെ.ഷാജിയാണ് ഇന്ന് വിരമിക്കുന്നത്. കുടിവെള്ള പ്രശ്‌നമായിരുന്നു സ്റ്റേഷനെ അലട്ടിയിരുന്ന പ്രധാനപ്രശ്നം. യാത്രക്കാരെ കൂടാതെ ജീവനക്കാരും തൊഴിലാളികളും ഉൾപ്പെടെ കുറഞ്ഞത് അഞ്ഞൂറോളം പേർക്ക് വെള്ളം ആവശ്യമാണ്. ഇതിനായി പ്രതിദിനം 40000 ലിറ്റർ വെള്ളം വേണം. ദിവസവും വെള്ളം ടാങ്കർലോറിയിൽ എത്തിച്ചാണ് അടിയന്തിര ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്. വിസ്തൃതമായ സ്റ്റേഷൻ വളപ്പിൽ ഉപേക്ഷിക്കപ്പെട്ടു കിടന്ന രണ്ടു കിണറുകൾ അറ്റകുറ്റപ്പണികൾ നടത്തി ശുചിയാക്കിയ ഷാജി തുടക്കത്തിൽത്തന്നെ താൽക്കാലിക പരിഹാരം ഉണ്ടാക്കി. തുടർന്ന് പ്രശ്നത്തിന്റെ ഗൗരവം ഉന്നതങ്ങളിൽ അറിയിച്ചതോടെ 15ലക്ഷം രൂപ അനുവദിച്ചു. ഇതുപയോഗിച്ച് വാട്ടർ അതോറിറ്റിയുടെ പുതിയ കണക്ഷനും അനുബന്ധസൗകര്യങ്ങളും ഒരുക്കിയതോടെ പ്രശ്‌നം ശാശ്വതമായി പരിഹരിച്ചു. ഇപ്പോൾ 24മണിക്കൂറും സ്റ്റേഷനിൽ ശുദ്ധജലം ലഭ്യമാകും.
പാർക്കിങ് സ്ഥലത്തിന്റെ പരിമിതിയായിരുന്നു യാത്രക്കാർ അനുഭവിച്ചിരുന്ന മറ്റൊരു പ്രശ്നം. കാടുപിടിച്ചു കിടന്നിരുന്ന സ്റ്റേഷന്റെ സ്ഥലംഇതിനായി ഉപയോഗപ്പെടുത്താൻ ഷാജി തീരുമാനിച്ചു. 1500 ചതുരശ്രമീറ്റർ മാത്രമായിരുന്ന പാർക്കിങ് സ്ഥലം വിപുലമാക്കിയതോടെ 5000 ചതുരശ്രമീറ്ററായി വർദ്ധിച്ചു. റെയിൽവേ സ്റ്റേഷന്റെ മുന്നിലെ സ്ഥലം വിട്ടുനൽകി റോഡ് വികസിപ്പിക്കാനും അനുമതി നേടിയെടുത്തു. എം.പി ഫണ്ടിൽ നിന്നും ഇതിനായി 25ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങൾ മാറ്റി രണ്ടുംമൂന്നും പ്ളാറ്റുഫോമുകളിൽ പുതിയ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചു. പുതിയ മേൽപാലത്തിന് അനുമതിയും ഫണ്ടും നേടിയെടുക്കാനും കഴിഞ്ഞു.
ജില്ലയിലെ ഏകറെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ സ്ഥാപിക്കണമെന്ന ആവശ്യം എം.പിമാർക്ക് മുന്നിൽ അവതരിപ്പിച്ചു സാദ്ധ്യമാക്കിയെങ്കിലും തുറന്നുകൊടുക്കുന്നത് കാത്തിരിക്കാതെയാണ് സ്റ്റേഷൻ മാനേജർ പടിയിറങ്ങുന്നത്. എസ്‌കലേറ്റർ സ്ഥാപിക്കാനായി രാജ്യസഭാ ഉപാദ്ധ്യക്ഷനായിരുന്ന പി.ജെ.കുര്യനും ആന്റോ ആന്റണി എം.പിയും സംയുക്തമായി ഫണ്ട് അനുവദിക്കിച്ചെങ്കിലും തുക പര്യാപ്തമായില്ല. എസ്‌കലേറ്റർ സ്ഥാപിക്കാൻ 2.82 കോടി രൂപ ചെലവഴിക്കേണ്ടി വന്നു. എന്നാൽ എം.പിമാർ അനുവദിച്ചത് 1.9 കോടി മാത്രമാണ്. ബാക്കിയുള്ള 92 ലക്ഷം രൂപ റെയിൽവേയിൽ നിന്നും അനുവദിപ്പിക്കാൻ ഷാജി ഏറെ പരിശ്രമിച്ചു. ഒടുവിൽ എസ്‌കലേറ്ററിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും കൊവിഡ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണം ഉദ്ഘാടനം വൈകുകയാണ്.