ട്രെയിൻ റദ്ദാക്കി: വഴി തടഞ്ഞ് അന്യസംസ്ഥാനക്കാർ,

പൊലീസ് ലാത്തി വീശി

പത്തനംതിട്ട: ട്രെയിൻ റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച അന്യ സംസ്ഥാന തൊഴിലാളികളെ പൊലീസ് ലാത്തി വീശി ഒാടിച്ചു. പത്തനംതിട്ട കണ്ണങ്കര, ഏനാത്ത്, പുല്ലാട്, കോഴഞ്ചേരി, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് അന്യ സംസ്ഥാന തൊഴിലാളികൾ പ്രതിഷേധിച്ചത്.

കണ്ണങ്കരയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ശ്രമിക് െട്രയിനിൽ നാട്ടിലേക്ക് പോകാൻ തയ്യാറകണമെന്ന് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് ഇന്നലെ രാവിലെ പത്തുമണിയോടെ അന്യസംസ്ഥാന തൊഴിലാളികൾ വാടക മുറികൾ പൂട്ടി ബാഗുകളുമായി പുറത്തിറങ്ങിയത്. ഭൂരിഭാഗവും ബീഹാറികളായിരുന്നു. നാട്ടിലേക്ക് പുറപ്പെടുന്ന വിവരം പലരും വീടുകളിലേക്ക് വിളിച്ച് പറഞ്ഞിരുന്നു. കണ്ണങ്കരയിൽ ഒത്തുകൂടി ബസുകളിൽ തിരുവല്ലയിലേക്ക് പോകാൻ നിന്നവരോട് ട്രെയിൻ റദ്ദാക്കിയ വിവരം ഉദ്യോഗസ്ഥർ അറിയിച്ചു. ഇതേ തുടർന്ന് വിഷമത്തിലായ തൊഴിലാളികൾ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചു. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

തിരികെ മുറിയിലേക്ക് പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കെട്ടിട ഉടമകൾ തിരികെ മുറിയിൽ കയറ്റില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ഇവർ റോഡിൽ നിന്നും മാറാതെ വന്നതോടെ പൊലീസ് ലാത്തി വീശി. അടികൊണ്ട തൊഴിലാളികൾ കൈയിലുള്ള ബാഗുകളുമായി ആനപ്പാറ, കണ്ണങ്കര, വലംഞ്ചുഴി ഭാഗങ്ങളിലേക്ക് ചിതറി ഒാടി.

തൊഴിലാളികൾക്ക് ഇന്ന് പുലർച്ചെ ഒരു മണിക്ക് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാട്ടിലേക്ക് പാേകാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പണിയിലെന്ന് തൊഴിലാളികൾ

പണി ഒന്നും ഇല്ലാത്തതിനാൽ ഇവിടെ പട്ടിണിയിൽ ആണെന്ന് തൊഴിലാളികൾ പറഞ്ഞു. മിക്ക ദിവസവും പട്ടിണി കിടക്കേണ്ടി വരുന്നതായും ഇവർ പറഞ്ഞു. അധികൃതരുടെ നിർദ്ദേശം അനുസരിച്ചാണ് നാട്ടിൽ പോകാനെത്തിയത്. താമസിച്ചുകൊണ്ടിരുന്ന സ്ഥലത്ത് നിന്ന് കെട്ടിട ഉടമകൾ ഇറക്കിവിട്ടാൽ അക്കാര്യം അറിയിക്കണമെന്ന് ലേബർ ആഫീസ് അധികൃതർ പറഞ്ഞിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഇവരെ നാട്ടിൽ വിടുമെന്ന് അധികൃതർ വ്യക്തമാക്കി. ട്രാവൽ ഏജൻസി മുഖേന ബസിൽ നാട്ടിലേക്ക് പോകാൻ തിങ്കളാഴ്ചയും തൊഴിലാളികൾ ശ്രമിച്ചിരുന്നു.അന്നും വിരട്ടി ഓടിക്കുകയായിരുന്നു. കണ്ണങ്കര, വലഞ്ചുഴി തുടങ്ങിയ സ്ഥലങ്ങളിൽ വാടകക്ക് താമസിക്കുന്നവരാണ് തൊഴിലാളികൾ.

ജില്ലയിൽ നിന്ന് ബീഹാറിലേക്ക് പോകുന്നവർ : 1200

മല്ലപ്പള്ളിയിലും അനിശ്ചിതത്വം

മല്ലപ്പള്ളി : താലൂക്ക് പരിധിയിലുള്ള അതിഥി തൊഴിലാളികളെ ജന്മനാട്ടിലേക്ക് യാത്രയാക്കുന്നതിനുള്ള ക്രമീകരണത്തിലുണ്ടായ അനിശ്ചിതത്വം ഉദ്യോഗസ്ഥരെ വട്ടംചുറ്റിച്ചു. ഉച്ചക്ക് മുൻപ് കുന്നന്താനം വ്യവസായ പാർക്കിൽ എത്തണമെന്ന അറിയിപ്പിനെ തുടർന്ന് ആകെയുള്ള 429 തൊഴിലാളികളിൽ കുറച്ചുപേരെത്തി. പുറമറ്റത്ത് ഒരുങ്ങി നിന്നവർ യാത്രമുടങ്ങിയതിൽ പ്രകോപിതരായി. റവന്യൂ, പൊലീസ് വകുപ്പ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് സംഘർഷം ഒഴിവാകുകയായിരുന്നു. ബിഹാറിലേക്കുള്ള ട്രെയിൻ രാത്രിയിൽ ആലപ്പുഴ നിന്ന് പുറപ്പെടുമെന്ന അറിയിപ്പ് എത്തിയതോടെയാണ് തൊഴിലാളികൾ ശാന്തരായത്.