പത്തനംതിട്ട: സർവീസിലെ 33 വർഷത്തിനിടെ 30 വർഷവും സ്വന്തം ജില്ലയിൽ ജോലി ചെയ്യാൻ കഴിഞ്ഞതിന്റെ അഭിമാനവുമായി ജില്ലാ ലേബർ ഒാഫീസർ ടി.സൗദാമിനി വിരമിക്കുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ചയായ ഇന്നും ജോലി ചെയ്ത ശേഷമാണ് പടിയിറങ്ങുന്നത്. ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ സന്ദർശിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുളള പരിശ്രമത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. നാനൂറിലധികം അവധികൾ ബാക്കിയുണ്ടായിരുന്നതിനാൽ വിരമിക്കലിനു മുന്നോടിയായി അവധിയെടുക്കാൻ തീരുമാനിച്ചിരുന്നപ്പോഴാണ് കൊവിഡിന്റെ വരവ്. കൊവിഡ് അതിജീവനത്തിനായി സൗദാമിനി സേവന രംഗത്ത് തുടർന്നു.
1987ൽ തൊഴിൽ വകുപ്പിൽ ക്ലാർക്കായാണ് ജോലിയിൽ പ്രവേശിച്ചത്. അസിസ്റ്റന്റ് ലേബർ ഓഫീസർ, പ്ലാന്റേഷൻ ഇൻസ്‌പെക്ടർ, ഡെപ്യൂട്ടി ലേബർ ഓഫീസർ പദവികൾ വഹിച്ച ശേഷം മൂന്ന് വർഷമായി തൊഴിൽ വകുപ്പിന്റെ ജില്ലയുടെ സാരഥിയായി തുടരുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ ഭക്ഷണം, താമസം, യാത്ര തുടങ്ങിയവ ഏകോപിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടത്തോടൊപ്പം നിന്ന് പ്രവർത്തിച്ചു.
തൊഴിലാളികളുടെ മിനിമം വേതനം സംരക്ഷിക്കുന്നതിനും തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനും ആവാസ് ഇൻഷുറൻസ് പദ്ധതിയിൽ കാൽ ലക്ഷം തൊഴിലാളികളെ ചേർക്കുന്നതിനും മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആർ.എസ്. ബി.വൈ യുടെ ജില്ലാ മാനേജരുടെ ചുമതല വഹിച്ചു. ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ ചെയർമാനായും പ്രവർത്തിച്ചിരുന്നു. ബാലവേലയ്ക്കെതിരെ കർശന നടപടിയെടുത്തു.
പുനലൂർ ഡെപ്യൂട്ടി ലേബർ ഓഫീസർ, കൽപ്പറ്റ പ്ലാന്റേഷൻ ഇൻസ്‌പെക്ടർ, ഷൊർണൂർ അസിസ്റ്റന്റ് ലേബർ ഓഫീസർ എന്നീ നിലകളിലാണ് മൂന്ന് വർഷം ജില്ലയ്ക്ക് പുറത്ത് പ്രവർത്തിച്ചത്.
കോട്ടയം ട്രാവൻകൂർ സിമന്റ്‌സിൽ നിന്ന് വിരമിച്ച കൊടുമൺ അങ്ങാടിക്കൽ സൗത്ത് കാർത്തികയിൽ സദാനന്ദന്റെ ഭാര്യയാണ്. മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരികളായ നിഥിൻ, ജിതിൻ എന്നിവരാണ് മക്കൾ.