പന്തളം: കഴിഞ്ഞ ദിവസം രാവിലെ കളനട - ആറന്മുള റോഡിൽ വട്ടയം ജംഗ്ഷനിലും കുറിയാനിപ്പള്ളി റോഡിലും സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. രാവിലെ തൊഴിലുറപ്പ് തൊഴിലാളികൾ പണി ചെയ്യാൻ എത്തിയപ്പോഴാണ് മാലിന്യം ഒഴുക്കിയത് ശ്രദ്ധയിൽപ്പെട്ടത്. ആരോഗ്യ വകുപ്പിൽ വിവരം അറിയിച്ചതിനെ തുടർന്നു ബ്ലീച്ചിങ്ങ് പൗഡർ വിതറിയെങ്കിലും
ദുർഗന്ധം രൂക്ഷമാണ്. ഇതുമൂലം ആ ഭാഗം വൃത്തിയാക്കിയില്ല.
വട്ടയത്തുള്ള ഇരപ്പൻപാറ ചെറിയ വെള്ളച്ചാട്ടത്തിൽ നിന്ന് ഒഴുക്കിയെത്തുന്ന നീരുറവയിലും മാലിന്യം കലർന്നു മലിനമായതോടെ ആളുകൾക്കു കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും കഴിയുന്നില്ല. നിർച്ചാലിനു പുറമേ സമീപമുള്ള പാടത്തേക്കും മാലിന്യം ഒഴുകിയിട്ടുണ്ട്. ചാലിലെ വെള്ളം ഒഴുകിയെത്തുന്ന കുപ്പണ്ണൂർ പുഞ്ചയിലെ കൃഷിയും അവതാളത്തിലാകും.