പത്തനംതിട്ട : വീടിനോട് ചേർന്ന പുരയിടത്തിലെ മണ്ണിനോട് മല്ലിട്ട് വിവിധയിനം കാർഷിക വിളകൾ നട്ടു വളർത്തി ശ്രദ്ധേയനാകുകയാണ് തുകലശേരി സി.എസ്.ഐ.ബധിര വിദ്യാലയത്തിലെ അദ്ധ്യാപകൻ റോയി വർഗീസ്.കവിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട മുണ്ടിയപ്പള്ളി മുണ്ടയ്ക്കൽ തെക്കേതിൽ പരേതരായ ടി.എം.വർഗീസിന്റെയും അച്ചാമ്മ വർഗീസിന്റെയും ഇളയ മകനാണ് റോയി വർഗീസ്.കാർഷിക കുടുംബത്തിൽ പിറന്ന റോയി ചെറുപ്പം മുതൽ കൃഷിയോട് ആഭിമുഖ്യം പുലർത്തിയിരുന്നു. എന്നാൽ ഔദ്യോഗിക ജീവിതത്തിരക്കിനിടയിൽ മുഴുവൻ സമയവും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ അവധി ദിനങ്ങളിലും വെളുപ്പിന് നാലുമണിക്കു ശേഷവും കൃഷിയിൽ വ്യാപൃതനായിരുന്നു.
വീടിനോട് ചേർന്നുള്ള പുരയിടത്തിൽ കൃഷി
മരച്ചീനി, ഏത്തവാഴ,ഞാലിപ്പൂവൻ,കറിവേപ്പ്,ചേന,ചേമ്പ്,ചീര,പയർ,കോവൽ,പച്ചമുളക്,ഓമ തുടങ്ങി വീട്ടിലേക്കാവശ്യമായ വിളകൾ ലഭ്യമാകും വിധമുള്ള കൃഷികളാണ് ചെയ്യുന്നത്.
മികവിന്റെ അംഗീകാരം
22വർഷങ്ങളായി തുകലശേരി സി.എസ്.ഐ. ബധിര വിദ്യാലയത്തിലെ അദ്ധ്യാപകനാണ്.സ്‌കൂളിൽ കുട്ടികളിൽ കാർഷികാഭിരുചി വളർത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനാവശ്യമായ പ്രവർത്തനങ്ങളിലേർപ്പെട്ടതിനും പാഠ്യപാമ്യേതര പ്രവർത്തനങ്ങളിലേർപ്പെട്ടുള്ള മികവിന്റെ അംഗീകാരമായി 'ഗുരുശ്രേഷ്ഠ' അവാർഡ് ലഭിച്ചിട്ടുണ്ട്. കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ സംസ്ഥാന സെക്രട്ടറിയാണ്.