പത്തനംതിട്ട: ജില്ലയിൽ ഇന്നലെ പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തില്ല. ജില്ലയിൽ ഇതുവരെ ആകെ 44 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്നലെ രണ്ടു പേർ രോഗവിമുക്തരായി. ഇതോടെ ജില്ലയിൽ രോഗവിമുക്തരായവരുടെ എണ്ണം 19 ആയി. കൊവിഡ്19 മൂലം ജില്ലയിൽ ഒരാൾ മരണമടഞ്ഞു. നിലവിൽ ജില്ലയിൽ 24 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 21 പേർ പത്തനംതിട്ട ജില്ലയിലും മൂന്നു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജനറൽ ആശുപത്രി പത്തനംതിട്ടയിൽ 24 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ ഒൻപതു പേരും, ജനറൽ ആശുപത്രി അടൂരിൽ ഏഴു പേരും, റാന്നി മേനാംതോട്ടം ആശുപത്രിയിൽ മൂന്നു പേരും, ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 19 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 62 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. പുതിയതായി ആറു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ 25 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3435 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 687 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 65 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ എത്തിയ 213 പേരും ഇതിൽ ഉൾപ്പെടുന്നു. ആകെ 4147 പേർ നിരീക്ഷണത്തിലാണ്. ജില്ലയിൽ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 110 കോവിഡ് കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയിൽ നിലവിൽ ആകെ 1087 പേരെ താമസിപ്പിച്ചിട്ടുണ്ട്.
ജില്ലയിൽ നിന്ന് ഇന്നലെ 285 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയിൽ നിന്നും 7932 സാമ്പിളുകൾ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയിൽ ഇന്നലെ 146 സാമ്പിളുകൾ നെഗറ്റീവായി റിപ്പോർട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളിൽ 42 എണ്ണം പൊസിറ്റീവായും 7158 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 541 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.