അടൂർ : അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോകണമെന്നാവശ്യവുമായി പായിപ്പാട് മോഡലിൽ ഏനാത്തും തെരുവിൽ ഇറങ്ങി. പൊലീസിന്റെയും റവന്യൂ അധികൃതരുടെയും ഇടപെടലിനൊടുവിൽ ഡെപ്യൂട്ടി തഹസീൽദാർ പി.ജെ.ദിനേശ് തൊഴിലാളികളുമയി ഒത്തുതീർപ്പ് ചർച്ച നടത്തി. ഇന്നലെ രാവിലെ 10.30 ഓടെയാണ് ഏനാത്ത് ബിസ്മി സൂപ്പർ മാർക്കറ്റിന് സമീപം താമസിക്കുന്ന 250 ഓളം തൊഴിലാളികൾ പ്രതിഷേധവുമായെത്തിയത്. ഏതാനും ദിവസമായി ഇവർ നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ്. എന്നാൽ വിവിധ ട്രെയിനുകൾ റദ്ദാക്കിയതിനാൽ മടങ്ങാനായില്ല. ആദ്യം പൊലീസ് സംഘം എത്തി പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാദ്ധ്യമായില്ല. പശ്ചിമബംഗാൾ മാൾഡ സ്വദേശികളാണ് ഇവർ. ഇവരെ ജൂൺ 5 ന് നാട്ടിലേക്ക് മടക്കി അയക്കാം എന്ന് ഉറപ്പു നൽകി. രണ്ട് മാസമായി ജോലിക്ക് പോകാത്തതിനാൽ വാടക കൊടുക്കാൻ തൊഴിലാളികൾക്ക് സാധിച്ചിരുന്നില്ല. ഈ കാരണത്താൽ ഇവർ താമസിക്കുന്ന കേന്ദ്രങ്ങളുട‌െ ഉടമകളാണ് പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.