പത്തനംതിട്ട : പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവർത്തികമാക്കുന്നതിന് ജനങ്ങളാകെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളുമെല്ലാം ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കണം. സർക്കാർ രൂപീകരിച്ച സാമൂഹിക സന്നദ്ധ സേനയിലെ അംഗങ്ങളും ഈ പ്രവർത്തനത്തിൽ പങ്കെടുക്കും. കൊവിഡ്19 പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുകൊണ്ട് ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടു വേണം ഈ പ്രവർത്തനം വിജയിപ്പിക്കാൻ. പകർച്ചവ്യാധികൾ തടയാൻ നമ്മുടെ ചുറ്റുപാട് വൃത്തിയായിരിക്കേണ്ടത് അനിവാര്യമാണ്. കൊതുകുജന്യ രോഗങ്ങൾ തടയുന്നതിന് ശുചീകരണദിനമായ ഞായറാഴ്ച ഡ്രൈഡേ ആയും ആചരിക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളമാണ് കൊതുകു വർധിക്കാൻ ഇടയാക്കുന്നത്. അതെല്ലാം ഒഴുക്കിക്കളയാൻ പ്രത്യേകം ശ്രദ്ധിക്കണം.
ടെറസ്, പൂച്ചട്ടികൾ, പരിസരങ്ങളിൽ അലക്ഷ്യമായി ഇടുന്ന ടയർ, കുപ്പികൾ, ഫ്രിഡ്ജിന് പിറകിലെ ട്രേ എന്നിവയിലെ വെള്ളം മുഴുവൻ ഒഴിവാക്കണം. റബ്ബർ തോട്ടങ്ങളിൽ ചിരട്ടകളിലെ വെള്ളം ഒഴിവാക്കി അവ കമഴ്ത്തിവെക്കണം. കോവിഡ്19 ഭീഷണി നിലനിൽക്കമ്പോൾ മഴക്കാല പകർച്ചവ്യാധികളുടെ നിയന്ത്രണത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.