കടമ്പനാട് : പട്ടികജാതി വികസനവകുപ്പ് ജില്ലയിൽ തുടങ്ങിയ വിജ്ഞാൻവാടികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ. നോക്കിനടത്താൻ ആളില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് വിജ്ഞാൻ വാഡികൾ ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്നത്. പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ജില്ലയിൽ 12 വിജ്ഞാൻവാടികളാണ് ആരംഭിച്ചത്.പഞ്ചായത്തുകൾ വിട്ടു നൽകിയ കെട്ടിടങ്ങളിലും സ്ഥലത്തും പട്ടികജാതിവികസനവകുപ്പ് കെട്ടിടം പണിതുമാണ് പ്രവർത്തനം നടത്തിയത്. മാറുന്ന കാലത്തിനൊപ്പം വിവര സാങ്കേതികവിദ്യയിൽ പട്ടികജാതിവിഭാഗങ്ങളെയും മുൻനിരയിലെത്തിക്കുക എന്നതായിരുന്നു വിജ്ഞാൻ വാടികളുടെ ലക്ഷ്യം.ഇന്റർനെറ്റ് കഫേസൗകര്യം,25000രൂപയുടെ പുസ്തകം അടങ്ങിയ റഫറൻസ് ലൈബ്രററി,വർത്തമാനപത്രങ്ങൾ,തൊഴിൽ പ്രസിദ്ധീകരണങ്ങൾ എന്നിവ,പി.എസ്.സി യിലേക്കടക്കം സൗജന്യമായി ഓൺലൈൻ അപേക്ഷകൾ അയക്കാനുള്ള സൗകര്യം. ഒരു വിജ്ഞാൻവാടിക്ക് ഒന്നരലക്ഷം രൂപയാണ് അനുവദിച്ചത്. വിജ്ഞാൻവാടികൾ ആദ്യഘട്ടത്തിൽ കോളനികളിൽ കമ്മിറ്റി രൂപീകരിച്ച് കമ്മിറ്റികാരെ ഏൽപിച്ചു.സാങ്കേതികജ്ഞാനമില്ലാത്തവരെ കൊണ്ട് ഇന്റർനെറ്റും മറ്റ് സൗകര്യങ്ങളും വേണ്ടവിധം ഉപയോഗിക്കാൻ കഴിയാത്തതിനാൽ പ്രവർത്തനം മുടങ്ങി. രണ്ട് വർഷം മുൻപ് സാങ്കേതികജ്ഞാനമുള്ളയാളുകളെ 5000 രൂപ ഓണറേറിയം നൽകി വീണ്ടും പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ വീണ്ടും പ്രവർത്തനം നിലച്ചു.
ഓണറേറിയം നൽകാൻ പണമില്ലെന്ന് അധികൃതർ
ഓണറേറിയം നൽകാൻ പണമില്ലന്നാണ് പട്ടികജാതിവികസനവകുപ്പ് പറയുന്നത്.പകരം പ്രൊമോട്ടർമാരെ ഏൽപിച്ചുവെന്നും പറയുന്നു. പ്രൊമോട്ടർമാർ നൂറ് ജോലിക്കിടയിൽ വിജ്ഞാൻവാടികൾ പ്രവർത്തിപ്പിക്കാൻ കഴിയില്ല.അതിനാൽ എല്ലാ വിജ്ഞാൻവാടികളും ലക്ഷ്യം സാക്ഷാത്കരിക്കാതെ പ്രവർത്തന രഹിതമാണ്.പട്ടികജാതി ഫണ്ട് എങ്ങനെയെങ്കിലും ചിലവഴിച്ച് തീർക്കുക എന്നത് മാത്രമാണ് ഉദ്യോഗതലത്തിൽ നടക്കുന്നത്.
വലിയ സഹായമാകും
കൃത്യമായ മോണിറ്ററിംഗോ,തുടർപ്രവർത്തനങ്ങൾക്കാവിശ്യമായ പദ്ധതിതയാറാക്കലോ ഒന്നും ഇല്ല.കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻക്ലാസുകൾ നടത്തുകയാണ് സർക്കാർ.ഇതിന് വീട്ടിൽ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് വിജ്ഞാൻവാടികൾ പ്രവർത്തിച്ചിരുന്നെങ്കിൽ വലിയസഹായമായേനെ.ഓണറേറിയം കൊടുത്ത് വിജ്ഞാൻ വാടികൾ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണം.
അജോമോൻ വള്ളിയാട്ട്
(ബ്ലോക്ക് പഞ്ചായത്തംഗം,പറക്കോട്)
-ജില്ലയിൽ 12 വിജ്ഞാൻവാടികൾ
-ഒരു വിജ്ഞാൻവാടിക്ക് ഒന്നര ലക്ഷം രൂപ അനുവദിച്ചു
-സ്ഥലമുള്ളിടത്ത് കെട്ടിടംവെയ്ക്കാൻ അഞ്ച് ലക്ഷം വേറെ