ചെങ്ങന്നൂർ: പെരുങ്കുളം പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടിൽ മാലിന്യം നിറഞ്ഞ് കിടക്കുന്നത് സമീപവാസികൾക്ക് ഭീഷണിയാകുന്നു.കൊവിഡ് ഭീഷണിക്കിടയിൽ മഴയെത്തിയിട്ടും ശുചീകരമില്ലാത്തത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നുണ്ട്. ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്കും ഉണ്ടാക്കുമെന്ന പേടിയിലാണ് പ്രദേശവാസികൾ.പാടത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യക്കൂമ്പാരം മഴയത്ത് ഒലിച്ചിറങ്ങിയാണ് രോഗ ഭീഷണി ഉയർത്തുന്നത്.കഴിഞ്ഞ ഏതാനും മാസങ്ങളായി പാടത്ത് നഗരസഭ മാലിന്യം ഇടുന്നില്ല.എന്നാൽ ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ പാടത്തെ പഴയ എയ്രോബിക് കമ്പോസ്റ്റ് യൂണിറ്റ് ഷെഡിൽ സൂക്ഷിക്കുന്നുണ്ട്. മഴ ശക്തിപ്പെടുന്നതോടെ പെരുങ്കുളം പാടത്തിന് സമീപത്തുള്ളവർക്ക് ദുരിതമേറുകയാണ്.
അട്ടകളും ഈച്ചകളും പെറ്റുപെരുകുന്നു
വീട്ടിലും പരിസരങ്ങളിലും ഈച്ചകൾക്കു പുറമെ അട്ടകളും പെറ്റുപെരുകുന്നുണ്ട്.പാടത്തിന് സമീപ പ്രദേശത്തെ മിക്ക വീടുകളിലും ഈച്ചയുടെയും അട്ടശല്യവുണ്ട്. വീടിന്റെ മതിലിലും കിണറിന് അകത്തും പുറത്തും മുറികളിലും പാത്രങ്ങളിലും അടുപ്പിലും വരെ അട്ടകൾ നിറഞ്ഞിരുന്നു. നഗരസഭയുടെ വിവിധ പദ്ധതി പ്രദേശമായ പെരുങ്കുളം പാടത്ത് ഇപ്പോൾ നടന്നുവരുന്ന സ്റ്റേഡിയം നിർമ്മാണത്തോടനുബന്ധിച്ച് പൈലിംഗ് നടത്തിയപ്പോഴാണ് മാലിന്യം പൊന്തി വന്നത്.ദിനംപ്രതി നാലു ടണ്ണോളം മാലിന്യമാണ് ഇവിടെ എത്തിച്ചിരുന്നത്.മഴക്കാലം എത്തിയതോടെ പ്രദേശത്ത് സംക്രമീക രോഗങ്ങൾ പടർന്നു പിടിക്കുമെന്ന ഭീതിയിലാണ് ജനങ്ങൾ.തീയറ്ററിന്റെ മുൻഭാഗത്തു കൂടിയുള്ള വെട്ടുതോടിലൂടെയുള്ള ഒഴുക്കുനിലച്ചിട്ട് വർഷങ്ങളായി.
വെട്ടുതോടിലെ തടസങ്ങൾ നീക്കി വെള്ളത്തിന്റ ഒഴുക്ക് പുന: രാരംഭിച്ചാൽ മഴക്കാലത്ത് പെരുങ്കുളം പാടത്തിന് സമീപത്തുള്ളവർക്ക് ആശ്വാസമാകും
(പ്രദേശവാസികൾ)