എസ്.എസ്.എൽ.സിക്ക് ശേഷിക്കുന്നത് മൂന്ന് പരീക്ഷകൾ
ഹയർ സെക്കൻഡറിക്ക് വിവിധ ഗ്രൂപ്പുകളിലായി 19 പരീക്ഷകൾ
കൊല്ലം: ലോക്ക് ഡൗൺ അവസാനിക്കുന്നതിന് പിന്നാലെ എസ്.എസ്.എൽ.സി, പ്ലസ് ടു, സർവകലാശാല പരീക്ഷകൾ നടത്താൻ ആലോചന തുടങ്ങിയതോടെ വിദ്യാർത്ഥികൾ പഠനവഴികളിൽ മുന്നേറുന്നു. കൊവിഡ് വ്യാപന ഭീതിയെ തുടർന്ന് പരീക്ഷകൾ നിറുത്തിവയ്ക്കാൻ മാർച്ച് 19 നാണ് സർക്കാർ നിർദേശം വന്നത്. ലോക്ക് ഡൗൺ കൂടി എത്തിയതോടെ പരീക്ഷകൾ അനന്തമായി നീണ്ടു. വിവിധ ഗ്രൂപ്പുകളിലായി പ്ലസ് ടുവിന് 19 പരീക്ഷകളാണ് ശേഷിക്കുന്നത്. പ്ലസ് വണ്ണിനും വിവിധ ഗ്രൂപ്പുകളിലായി പരീക്ഷകൾ നടക്കാനുണ്ട്.
മാർച്ച് 26ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷൾ പൂർത്തീകരിക്കേണ്ടതായിരുന്നു. മുൻ വർഷങ്ങളിൽ എസ്.എസ്.എൽ.സി മൂല്യനിർണയം പൂർത്തീകരിച്ച് ഏപ്രിൽ അവസാന വാരത്തിൽ ഫലപ്രഖ്യാപനം നടത്തിയിരുന്നു. മേയ് രണ്ടാം വാരത്തോടെ പരീക്ഷകൾ ആരംഭിച്ച് മാസത്തിലെ അവസാന ദിവസങ്ങളിലൊന്നിൽ ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ മുന്നൊരുക്കം. കൊവിഡ് നിയന്ത്രണ വിധേയമായാൽ സർവകലാശാല പരീക്ഷകളും മേയ് രണ്ടാം വാരത്തോടെ ആരംഭിച്ചേക്കും. ഡിഗ്രി, പ്ലസ് വൺ ക്ലാസുകൾ അടുത്ത അദ്ധ്യയന വർഷാരംഭത്തിൽ തുടങ്ങാനാകുമെന്ന് നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷിക്കാനാകില്ല.
ഓൺലൈൻ പഠന സങ്കേതങ്ങൾ, പരീക്ഷകൾ
ശേഷിക്കുന്ന പരീക്ഷകൾക്കായി കുട്ടികളെ സജ്ജരാക്കാൻ സാങ്കേതിക വിദ്യയുടെ സാദ്ധ്യമായ എല്ലാ വശങ്ങളും അദ്ധ്യാപകർ ഉപയോഗിക്കുന്നുണ്ട്. വിവിധ അദ്ധ്യാപക സംഘടനകൾക്കും ഇക്കാര്യത്തിൽ അനുകരണീയ നിലപാടാണ്. കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപകരുടെ കൂട്ടായ്മയിൽ രൂപമെടുത്ത hsslive.in എന്ന വെബ്സൈറ്റിൽ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളുടെ മാതൃകാ ചോദ്യപേപ്പറുകളും നോട്ടുകളും ലഭിക്കും. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് അദ്ധ്യാപകർ മറുപടി നൽകും.
വിളിപ്പുറത്തുണ്ട് അദ്ധ്യാപകർ, മടിക്കേണ്ട
രക്ഷിതാക്കളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ സംശയ നിവാരണത്തിനും ക്ലാസുകൾക്കും അവസരം ഒരുക്കുന്നുണ്ട്. ഇത്തരം സൗകര്യങ്ങൾ ഒന്നുമില്ലാത്ത കുട്ടികൾക്ക് തങ്ങളുടെ അദ്ധ്യാപകരെ ഫോണിൽ ബന്ധപ്പെടാം. ഈ പ്രതിസന്ധി കാലത്ത് നിങ്ങളെ സഹായിക്കാൻ ഏത് സമയവും അവർ സന്നദ്ധരാണ്.
നടക്കാനുള്ള പരീക്ഷകൾ ഇങ്ങനെ
എസ്.എസ്.എൽ.സി: ഗണിതശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി
പ്ലസ് ടു: ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സയൻസ്, ബയോളജി, പൊളിറ്റിക്കൽ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബിസിനസ് സ്റ്റഡീസ്, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്