വരുമാനം നിലച്ച കുടുംബങ്ങൾ പ്രതിസന്ധിയിൽ
കൊല്ലം: ഹോട്ട് സ്‌പോട്ടുകൾക്ക് പുറത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നെങ്കിലും നിർമ്മാണ മേഖലയിലെ പ്രതിസന്ധി ഒഴിഞ്ഞിട്ടില്ല. നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും വാഹനങ്ങൾ ഇല്ലാത്തതും കാരണം നിർമ്മാണ പ്രവർത്തനങ്ങളൊന്നും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചെറിയ ജോലികൾ നടക്കുന്നുണ്ട്. ലോക്ക് ഡൗൺ പൂർണതോതിൽ പിൻവലിക്കുന്നതോടെ മാത്രമേ നിർമ്മാണ മേഖല സജീവമാകാൻ സാദ്ധ്യതയുള്ളൂ. പുതിയ സാമ്പത്തിക വർഷത്തിൽ ലഭിക്കേണ്ട വിവിധ വകുപ്പുകളുടെ അനുമതികൾ ലോക്ക് ഡൗൺ മൂലം പാറക്വാറികൾക്ക് കൃത്യമായി ലഭിച്ചിട്ടില്ല.
അനുമതി ലഭിച്ചാലും തൊഴിലാളികളുടെ കുറവ് വെല്ലുവിളിയാകും. ക്വാറികളിലെ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നവരിൽ മിക്കവരും തമിഴ്നാട് സ്വദേശികളാണ്. ഇവിടെ സ്ഥിതി മോശമായി തുടങ്ങിയതോടെ നാട്ടിലേക്ക് പോയവർ മടങ്ങിയെത്താൻ വൈകും. പ്രതിസന്ധികൾ മറികടന്ന് ക്വാറികൾ പ്രവർത്തനം തുടങ്ങിയാലും പാറയും മെറ്റിലുമായി വാഹനങ്ങൾ നിരത്തിലൂടെ പോകുന്നതിന് പലയിടത്തും നിയന്ത്രണങ്ങളുണ്ട്. സിമന്റും കമ്പിയും ഒഴികെ മറ്റെല്ലാ നിർമ്മാണ സാമഗ്രികളും ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്നത് പാറയിൽ നിന്നാണ്. അതിനാൽ നിർമ്മാണ മേഖല സജീവമാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
ദുരിതത്തിണ്ണയിൽ പതിനായിരങ്ങൾ
ജില്ലയിലെ പതിനായിരക്കണക്കിന് നിർമ്മാണ തൊഴിലാളികൾ തൊഴിൽ നഷ്ടം നേരിട്ട് ഒരു മാസത്തിലേറെയായി വീട്ടിലിരിക്കുകയാണ്. അന്യ സംസ്ഥാന തൊഴിലാളികളിൽ ഭൂരിപക്ഷവും നിർമ്മാണ മേഖലയിലാണ് പണിയെടുക്കുന്നത്. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ഉള്ളവർക്ക് കിട്ടിയ 1000 രൂപ മാത്രമാണ് സാമ്പത്തിക ആശ്വാസം. പ്രതിസന്ധികൾ ഒഴിഞ്ഞില്ലെങ്കിൽ നിർമ്മാണ തൊഴിലാളി കുടുംബങ്ങളിലെ ദുരിതം ഇരട്ടിയാകും.
തൊഴിലിടത്തിൽ ഉയരുന്നത് വെല്ലുവിളികൾ
1. പാറക്വാറികളുടെ പ്രവർത്തനം തുടങ്ങിയില്ല
2. നിർമ്മാണ സാമഗ്രികൾ കിട്ടാനില്ല
3. വാഹന യാത്രകൾക്ക് നിയന്ത്രണം
4. തൊഴിലാളികളുടെ കുറവ് പ്രതിസന്ധി
5. തൊഴിലിടത്തിൽ സാമൂഹിക അകലം വെല്ലുവിളി
ആശ്വാസധനം 1000 രൂപ
ജോലി നഷ്ടപ്പെട്ടിട്ട് 1 മാസം
ഒരുദിവസത്തെ കൂലി 1000 രൂപ
മെയ്ക്കാടിന് 800 - 850 രൂപ
''
ഒരു മാസത്തിനിടെ നാല് ദിവസമാണ് ജോലി കിട്ടിയത്. 24 ദിവസം വരെ മുമ്പ് ജോലി ചെയ്‌തിരുന്നു. വീട്ടു ചെലവുകൾ പോലും ബുദ്ധിമുട്ടിലായി തുടങ്ങി. എല്ലാം നേരെയാകുമെന്നാണ് പ്രതീക്ഷ.
കെ. രവീന്ദ്രൻ,
നിർമ്മാണ തൊഴിലാളി