electric-bill

കൊല്ലം: ഏഴ് തെക്കൻ ജില്ലകളെ വൈദ്യുതി തടസരഹിത മേഖലയാക്കുന്നതിന് പ്രസരണ മേഖല കൂടുതൽ ശക്തമാക്കാൻ 1,400 കോടി രൂപയുടെ 74 പദ്ധതികൾക്ക് ഭരണാനുമതിയായി. 33 സബ് സ്റ്റേഷനുകളിലായി 41 ലൈൻ പ്രോജക്ടുകളും ഇതിൽ ഉൾപ്പെടും.

ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് പ്രസരണ ശേഷി കൂട്ടുന്നത്. ഈ ജില്ലകളിലെ മിക്ക 66 കെ.വി സബ് സ്റ്റേഷനുകളും അവയുടെ ലൈനുകളും 110 കെ.വി ശേഷിയിലേക്ക് ഉയർത്തും. വൈദ്യുതി ബോർഡിലെ ഉന്നതോദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശില്പശാലയിൽ രൂപപ്പെട്ട പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്.

ഏഴ് ജില്ലകളിലെ പദ്ധതികൾ

1. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി 280 കോടി രൂപയുടെ 13 പ്രവൃത്തികളിൽ പീരുമേട്, തൊടുപുഴ, കട്ടപ്പന സബ് സ്റ്റേഷനുകളും അനുബന്ധ ലൈനുകളും 110 കെ.വി ശേഷിയിലേക്ക് ഉയർത്തും. ഉടുമ്പഞ്ചോലയിൽ പുതിയ 33 കെ.വി സബ് സ്റ്റേഷൻ

2. പെട്രോനെറ്റ് എൽ.എൻ.ജി അടക്കമുള്ള പദ്ധതികളിലൂടെ എറണാകുളം വൈപ്പിനിൽ വരാവുന്ന വികസനം മുൻകൂട്ടി കണ്ട് ഞാറയ്ക്കൽ 66 കെ.വി സബ് സ്റ്റേഷനും ചെറായി- ഞാറയ്ക്കൽ ലൈനും 110 കെ.വി ആക്കാനുള്ള 25 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഇ-ടെൻഡർ ക്ഷണിച്ചു

3. ആലപ്പുഴയിൽ അരൂർ - ചേർത്തല 66 കെ.വി ലൈനും ചേർത്തല സബ്സ്റ്റേഷനും 110 കെ.വി ആയി ഉയർത്തും. ആലപ്പുഴ സബ് സ്റ്റേഷൻ 110 കെ.വി ആയും മാവേലിക്കര- ഇടപ്പോൺ 110 കെ.വി ലൈനായും ഉയർത്തുന്ന പ്രവൃത്തികൾക്കും ഇ-ടെൻഡറായി

4. പത്തനംതിട്ടയിൽ ഇടപ്പോൺ, കോഴഞ്ചേരി, മാവേലിക്കര പള്ളം ലൈനും അനുബന്ധ സബ് സ്റ്റേഷനുകളും 110കെ.വി ആയും തിരുവല്ല സബ്സ്റ്റേഷൻ 110കെ.വി ആയും ഉയർത്തുന്ന പ്രവൃത്തികൾക്ക് ഇ-ടെൻഡർ ക്ഷണിച്ചു

5. കരുനാഗപ്പള്ളി സബ്സ്‌റ്റേഷൻ 110 കെ.വി ആയി ഉയർത്തിയ ശേഷം സുസ്ഥിരമാക്കാൻ കായംകുളം, കരുനാഗപ്പള്ളി സബ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന 41 കോടിയുടെ പദ്ധതിക്ക് അംഗീകാരം. 33.5 കോടിയുടെ കൊട്ടിയം- കൊല്ലം ഭൂഗർഭ വൈദ്യുത പദ്ധതിക്ക് ഭരണാനുമതി

6. കോട്ടയം പള്ളം - ഏറ്റുമാനൂർ 66 കെ.വി ലൈനും കോട്ടയം ഈസ്റ്റ്, ഗാന്ധിനഗർ സബ്സ്റ്റേഷനുകൾ 110കെ.വി ആക്കി മാറ്റാനും ഭരണാനുമതിയായി. പിന്നക്കനാട് പുതിയ 33 കെ.വി സബ് സ്റ്റേഷന് അനുമതി

7. തിരുവനന്തപുരം പാലോട് സബ് സ്റ്റേഷന്റെയും ലൈനിന്റെയും ശേഷി 110കെ.വി ആയി ഉയർത്താൻ ഇ-ടെൻഡറായി. വെള്ളംകുളം 33 കെ.വി സബ് സ്റ്റേഷന്റെ നിർമ്മാണം പുനരാരംഭിക്കാനും തീരുമാനമായി.

''സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടുന്നതിനുസരിച്ച് തടസമില്ലാതെ ലഭ്യമാക്കുകയും വേണം അതിനു വേണ്ടിയുള്ള പദ്ധതികളാണ് ആവിഷ്കരിക്കുന്നത്''- എൻ.എസ്.പിള്ള,​ ചെയർമാൻ,​ കെ.എസ്.ഇ.ബി