വാദം വീഡിയോ കോൺഫറൻസിലൂടെ
കൊല്ലം: ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ഹോട്ട് സ്‌പോട്ടുകൾക്ക് പുറത്തുള്ള കോടതികൾ തുറന്നെങ്കിലും പരിഗണിക്കുന്നത് അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രം. നിയന്ത്രണങ്ങളോടെയാണ് കോടതി ഓഫീസുകൾ പ്രവർത്തിക്കുന്നത്. ജഡ്‌ജിമാർ ചുമതലകൾ നിർവഹിക്കുന്നത് ചേംബറിൽ ഇരുന്നാണ്. മജിസ്ട്രേട്ട് കോടതികളിൽ അടിയന്തര സ്വഭാവമുള്ള ജാമ്യാപേക്ഷകൾ ചേംബറിലും തുറന്ന കോടതിയിലും പരിഗണിക്കുന്നുണ്ട്. പ്രതികളുടെ റിമാൻഡ്, ജാമ്യാപേക്ഷ ഒഴികെയുള്ള മറ്റെല്ലാ കേസുകളും മാറ്റിവയ്ക്കുകയാണ്. സിവിൽ കോടതികൾക്ക് മേയ് 17 വരെ വേനലവധിയാണ്. വീഡിയോ കോൺഫൻസ് വഴിയാണ് ജില്ലാ കോടതികൾ കേസ് പരിഗണിക്കുന്നത്. ജഡ്‌ജി, സർക്കാർ അഭിഭാഷകൻ, പ്രതിയുടെ അഭിഭാഷകൻ എന്നിവർ പങ്കെടുക്കുന്ന വീഡിയോ കോൺഫറൻസിൽ ഇരുഭാഗത്തിന്റെയും വാദം കേട്ട് തീരുമാനത്തിലെത്തും. അഭിഭാഷകർക്ക് വീട്ടിലിരുന്നും വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാം. എന്നാൽ എല്ലാ അഭിഭാഷകർക്കും വീഡിയോ കോൺഫറൻസ് രീതി പരിചിതമല്ലെന്ന ന്യൂനതയുണ്ട്. ലോക്ക് ഡൗൺ ഇളവുകൾ പൂർണ തോതിലാകുന്നതോടെയേ തുറന്ന കോടതികളുടെ പ്രവർത്തനം സജീവമാവുകയുള്ളൂ.
...............................................
അഭിഭാഷകരും ലോക്ക് ഡൗൺ ദുരിതത്തിൽ
ലോക്ക് ഡൗണിൽ കോടതികളുടെ പ്രവർത്തനം താളം തെറ്റിയതോടെ അഭിഭാഷകരും ദുരിതത്തിലായി. ഒരു മാസത്തിലേറെയായി വക്കീൽ ഓഫീസുകൾ മിക്കതും അടഞ്ഞുകിടക്കുകയാണ്. ഒരു രൂപ പോലും വരുമാനമില്ലാത്ത അഭിഭാഷകർ ഏറെയുണ്ട്. സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ. ദുരിതത്തിലായ കൊല്ലം ബാറിലെ അഭിഭാഷകർക്ക് ബാർ അസോസിയേഷൻ സഹായധനം വിതരണം ചെയ്തുതുടങ്ങി. മറ്റുള്ള അഭിഭാഷകരിൽ നിന്ന് പണം സ്വരൂപിച്ചാണ് ഫണ്ട് കണ്ടെത്തിയത്.
ബാർ അസോ. ധനസഹായം:
5,000 രൂപ
ഇതുവരെ നൽകിയത്:
79 പേർക്ക്
''
ദുരിതകാലത്ത് സഹപ്രവർത്തകരെ സഹായിക്കേണ്ടത് കടമയാണ്. ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായധനം നൽകിത്തുടങ്ങി.
ധീരജ് രവി, പ്രസിഡന്റ്,
കൊല്ലം ബാർ അസോസിയേഷൻ
...................................................