clp
ശ്രീനിവാസന്റെ അമ്മയും ഭാര്യയും താൽക്കാലിക വസതിക്ക് മുന്നിൽ

ശ്രീനിവാസന്റെ കുടുംബത്തിന് പഞ്ചായത്ത് വീട് വെച്ച് നൽകും

ഓച്ചിറ. കൊവിഡ് 19 ബാധിച്ച് അബുദാബിയിൽ മരിച്ച ക്ലാപ്പന കളീയ്ക്കൽ (സൗപർണികയിൽ) ശ്രീനിവാസന്റെ (45) കുടുംബത്തിന് ക്ലാപ്പന പഞ്ചായത്ത് വീട് നിർമ്മിച്ചു നൽകും. കഴിഞ്ഞ മാസം 20നാണ് അബുദാബി ഗൾഫ് പൈപ്പ് കമ്പനിയിലെ തൊഴിലാളിയായ ശ്രീനിവാസൻ മരിച്ചത്. കൊവിഡ് മരണമായതിനാൽ ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാൻ പോലും ബന്ധുക്കൾക്ക് സാധിച്ചില്ല. മൃതദേഹം അവിടെ സംസ്കരിച്ചു. അഞ്ച് വർഷമായി ശ്രീനിവാസൻ അബുദാബിയിൽ ജോലി ചെയ്യുകയായിരുന്നു. രണ്ടര വർഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. ആകെയുള്ള വീട് പൊളിച്ചുമാറ്റിയ ശേഷം വസ്തു ബാങ്കിൽ പണയപ്പെടുത്തിയാണ് വീടിന് തറക്കല്ലിട്ടത്. വീടിന്റെ ഫൗണ്ടേഷൻ പൂർണമായി. തന്റെ സ്വപ്നഭവനം പൂർത്തിയാക്കാനായാണ് അവധിക്ക് പോലും നാട്ടിൽ വരാതെ ശ്രീനിവാസൻ ഗൾഫിൽ ജോലിയിൽ തുടർന്നത്.

ഭിന്നശേഷിക്കാരിയായ മകൾ ശിവഗംഗയും (8) എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ശ്രീഹരിയും തങ്ങളുടെ പിതാവ് ഇനി വരുകയില്ല എന്ന സത്യം ഇതുവരെ അറിഞ്ഞിട്ടില്ല. മകൾ ക്ലാപ്പന പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥിയാണ്. ഒരു താൽക്കാലിക തകര ഷെഡിലാണ് ഇവർ കഴിയുന്നത്. ഇവരോടൊപ്പം ശ്രീനിവാസന്റെ മാതാവ് ഓമനയും താമസിക്കുന്നുണ്ട്. വേദനകളിൽ വെന്തുരുകുന്ന സരിതയ്ക്ക് തന്റെ മക്കളെ ചേർത്ത് പിടിച്ചു കരയാൻ മാത്രമേ സാധിക്കുന്നുള്ളൂ.

ക്ലാപ്പന പഞ്ചായാത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ കുടുംബശ്രീയുടെ അടിയന്തര യോഗം ചേർന്നാണ് ശ്രീനിവാസന്റെ കുടുംബത്തിന് സ്നേഹഭവനം പദ്ധതി പ്രകാരം 4 ലക്ഷം രൂപ അനുവദിച്ചത്. അടുത്ത ദിവസങ്ങളിൽ വീടിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ, വൈസ് പ്രസിഡന്റ് എസ്. ശ്രീകല, സ്ഥിരം സമിതി അദ്ധ്യക്ഷരായ വരിവള മനേഷ്, പി. ബിന്ദു, എം. ഗീത, സി.ഡി.എസ് അദ്ധ്യക്ഷ ശോഭനകുമാരി, മെമ്പർ സെക്രട്ടറി വിജയകുമാർ എന്നിവർ അറിയിച്ചു.