പരിശോധനാ ഫലങ്ങൾ നെഗറ്റീവ്
കൊല്ലം: കൊവിഡ് ബാധിതരുമായി അടുത്ത് സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതോടെ ജില്ല ആശ്വാസതീരത്തേക്ക് നീങ്ങുന്നു. വെള്ളിയാഴ്ചയും ഇന്നലെയും ജില്ലയിൽ പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിട്ടില്ല.
തമിഴ്നാട്ടിലെ പുളിയംകുടിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് കൊവിഡ് ബാധിതനായ കുളത്തൂപ്പുഴ സ്വദേശിയായ യുവാവിൽ നിന്ന് രണ്ടുപേരിലേക്ക് രോഗം പടർന്നിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയവരുടെയെല്ലാം സ്രവം പരിശോധിച്ചെങ്കിലും നെഗറ്റീവാണ്. കഴിഞ്ഞ വ്യാഴാഴ്ച കുളത്തൂപ്പുഴയിൽ കൊവിഡ് സ്ഥിരീകരിച്ച വൃദ്ധന്റെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവായി.
ആശാ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചാത്തന്നൂരിലും പരിസര സ്ഥലങ്ങളിലും ഉയർന്ന ആശങ്കയും അല്പം അയഞ്ഞിട്ടുണ്ട്. ഇവർക്ക് എങ്ങനെ കൊവിഡ് ബാധിച്ചുവെന്ന് ആദ്യഘട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ചാത്തന്നൂർ പി.എച്ച്.സിയിൽ നിന്നാണെന്ന് ഏകദേശം സ്ഥിരീകരിച്ചിട്ടുണ്ട്. ആശാ പ്രവർത്തകയെ ആദരിക്കാൻ വീട്ടിൽ ചെന്ന മദ്ധ്യവയസ്കനിലേക്ക് മാത്രമാണ് രോഗം പടർന്നത്. അദ്ദേഹത്തിന്റെയും ആശാ പ്രവർത്തകയുടെയും കുടുംബാംഗങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവായതും ആശ്വാസം പകരുന്നു. പരിമിതമായ ദിവസത്തെ ചികിത്സയിൽ ആശാ പ്രവർത്തക രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ചാത്തന്നൂർ പി.എച്ച്.സിയിൽ ചികിത്സയ്ക്കെത്തിയ സ്റ്റാൻഡേർഡ് ജംഗ്ഷൻ സ്വദേശിയായ ഒൻപത് വയസുകാരനിൽ നിന്നാണ് അവിടുത്തെ രണ്ട് ജീവനക്കാർക്ക് രോഗം പടർന്നത്. പക്ഷെ കുട്ടിക്ക് എവിടെ നിന്ന് രോഗം ബാധിച്ചുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ഒൻപത് വയസുകാരനുമായും രോഗ ബാധിതരായ ചാത്തന്നൂർ പി.എച്ച്.എസ്.സിയിലെ രണ്ട് ജീവനക്കാരുമായും അടുത്ത് ഇടപഴകിയവരുടെയെല്ലാം പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്.