kollam-port
ലോക്ക് ഡൗണിനെ തുടർന്ന് കടലിൽ പോകാതെ കൊല്ലം തീരത്ത് കിടക്കുന്ന ബോട്ടുകൾ

 കൂടുതൽ ബോട്ടുകളും വള്ളങ്ങളും നാളെ മുതൽ കടലിലേക്ക്

കൊല്ലം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഹാർബറുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് നാളെ മുതൽ ഇളവ്. 64 അടി വരെ നീളമുള്ള വള്ളങ്ങൾക്കും ബോട്ടുകൾക്കും രജിസ്ട്രേഷൻ നമ്പർ അവസാനിക്കുന്ന ഒറ്റ ഇരട്ട സംഖ്യകളുടെ അടിസ്ഥാനത്തിൽ നാളെ മുതൽ കടലിൽ പോകാം.

രജിസ്ട്രേഷൻ നമ്പർ ഒറ്റ സംഖ്യയിൽ അവസാനിക്കുന്ന ബോട്ടുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട സംഖ്യയിൽ അവസാനിക്കുന്നവയ്ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും കടലിൽ പോകാം. വെള്ളിയാഴ്ച അവധിയായ പ്രദേശങ്ങളിൽ ഒറ്റസംഖ്യയിൽ അവസാനിക്കുന്ന രജിസ്ട്രേഷനുകൾക്ക് ഞായറാഴ്ച കടലിൽ പോകാം.

റിംഗ് സീനർ ഉൾപ്പടെയുള്ള എല്ലാ പരമ്പരാഗത യാനങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും സമാനമായ തരത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മത്സ്യബന്ധനം നടത്താം. റിംഗ് സീനർ യാനങ്ങളിൽ പരമാവധി 20 മത്സ്യത്തൊഴിലാളികളേ പോകാൻ പാടുള്ളു. തൊഴിലാളികൾ തമ്മിൽ അകലം പാലിക്കുകയും വേണം.

നേരത്തെ 32 അടി വരെ നീളമുള്ള ബോട്ടുകൾക്കും 25 എച്ച്.പി ശേഷിയുള്ള ഔട്ട് ബോർഡ് വള്ളങ്ങൾക്കുമാണ് കടലിൽ പോകാൻ അനുമതി നൽകിയിരുന്നത്. ഈ മാസം ഒന്ന് മുതൽ 45 അടി വരെ നീളമുള്ള ബോട്ടുകൾക്കും കടലിൽ പോകാൻ അനുമതി നൽകിയിരുന്നു.