c
ജില്ലാ മെഡിക്കൽ ഓഫീസറെ വിളിക്കല്ലേ... പ്ലീസ് !

കൃത്യാന്തര ബാഹുല്യം എന്ന് കേട്ടിട്ടില്ലേ ? അതായത് ഇമ്മിണി ജോലിക്കൂടുതലെന്ന് സാരം. ജോലിയുടെ തരമാണ് അതിന്റെ ഉത്തരവാദിത്വം തീരുമാനിക്കുന്നത്. എന്തായാലും ഒരു കാര്യം സത്യം. ഈ കൊവിഡ് കാലത്ത് ജില്ലാ കളക്ടറുടെ അത്രേം ജോലിയുള്ള ഒരാളും ജില്ലയിലുണ്ടാവില്ല. പിന്നെ ഉണ്ടെന്ന് നടിച്ചാൽ ആർക്കെന്ത് ചെയ്യാനാകും?
ജില്ലാ മെഡിക്കൽ ഓഫീസറുടെ തിരക്ക് കണ്ടാൽ ജില്ലാ ഭരണാധികാരിയാണെന്ന് തോന്നും. അത്ര തിരക്കാണ്. കൊവിഡുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം തിരക്കാൻ കൊല്ലത്തെ പത്രക്കാരോ ചാനലുകാരോ വിളിച്ചാലൊന്നും ഫോൺ എടുക്കുന്ന പ്രശ്‌നമേയില്ല. സോഷ്യൽ മീഡിയയിലും വാട്‌സ് ആപ്പിലുമൊക്കെ പരക്കുന്ന കള്ളവീഡിയോകൾക്കും കള്ളക്കഥകൾക്കും ഒരു പഞ്ഞവുമില്ല. വിശ്വാസ യോഗ്യമല്ലാത്ത കഥകളും ഉപകഥകളുമൊക്കെ നാടാകെ ഒഴുകുമ്പോൾ മാദ്ധ്യമ സമൂഹത്തിന് അതിന്റെയൊക്കെ നിജസ്ഥിതി അറിയേണ്ടതുണ്ട്. നാട്ടുകാരുടെ ആശങ്ക അകറ്റേണ്ട ബാദ്ധ്യതയുണ്ട്. ഒരുദാഹരണം പറയാം. ഹൃദയ സംബന്ധമായ രോഗത്തിന് വിശ്വസ്തമായി സേവനം ചെയ്യുന്ന ആതുരാലയമാണ് ശാസ്താംകോട്ടയിലെ പത്മാവതി മെഡിക്കൽ ഫൗണ്ടേഷൻ. ഈ സ്ഥാപനത്തെപ്പോലും സോഷ്യൽമീഡിയ വിരുതൻമാർ വെറുതെ വിട്ടില്ല. പത്മാവതി ആശുപത്രി പൂട്ടി താഴിട്ടുവെന്നും കിടന്നവരെല്ലാം ഡിസ്ചാർജ് വാങ്ങിപ്പോയെന്നും കള്ളക്കഥ നാടാകെ പ്രചരിച്ചു. ഒരു വിരുതൻ അറസ്റ്റിലായെങ്കിലും സമാനമായ കള്ളക്കഥകൾ പലതരത്തിലാണ് പ്രചരിക്കുന്നത്. ഇതിന്റെയൊക്കെ യഥാർത്ഥ സത്യമല്ലേ ജനം അറിയേണ്ടത്.
സമാനമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഉത്തരവാദപ്പെട്ട മാദ്ധ്യമങ്ങൾക്ക് അതുമായി ബന്ധപ്പെട്ടവരെ വിളിച്ച് കാര്യങ്ങൾ ഉറപ്പാക്കുകയേ നിവൃത്തിയുള്ളു. അല്ലെങ്കിൽ തെറ്റായ വാർത്തകൾ പുറത്ത് വരാം. കാണുന്നവർക്കെല്ലാം കൊവിഡാണെന്ന് പ്രചാരണമുണ്ടാകാം. കൊവിഡിന്റെ കണക്കുകൾ പബ്ലിക് റിലേഷൻസ് വകുപ്പിൽ നിന്ന് തരും. പക്ഷേ ഡി.എം.ഒ ഒന്ന് മനസിലാക്കേണ്ടതുണ്ട്, ഈ കണക്ക് മാത്രമല്ല കൊവിഡുമായി ബന്ധപ്പെട്ടുള്ളത്. നിരവധിക്കാര്യങ്ങൾ മാദ്ധ്യമങ്ങൾക്കറിയാനുണ്ട്. അതൊക്കെ തരാൻ പി.ആർ.ഡി ക്കോ കളക്ടർക്കോ പറ്റില്ല. വിളിച്ചാലുടനെ ഡി.എം.ഒ ഫോൺ എടുക്കണമെന്നും നിർബന്ധമില്ല. യോഗങ്ങളും തിരക്കുകളുമൊക്കെ ഒഴിയുമ്പോൾ ഒന്ന് തിരിച്ചു വിളിക്കുകയെങ്കിലും ചെയ്യാവുന്നതല്ലേ. പത്രമാദ്ധ്യമങ്ങൾക്ക് മാത്രമല്ല, പ്രധാന പൊലീസ് ഓഫീസർമാർക്കും ജനപ്രതിനിധികൾക്കുമെല്ലാം പരാതിയാണ്. എന്തേ എത്ര വിളിച്ചാലും ഡി.എം.ഒ പ്രതികരിക്കാത്തതെന്ന്. ജില്ലാ മെഡിക്കൽ ഓഫീസർക്ക് വലിയ തിരക്കുണ്ടാവാം. പക്ഷേ ഉത്തരവാദപ്പെട്ട ഒരു ഓഫീസറെന്ന നിലയിലാണ് മറ്റ് വിഭാഗങ്ങളിലെ ഉത്തരവാദപ്പെട്ടവർ താങ്കളെ വിളിക്കുന്നത്. അത് പൂർണമായും അവഗണിക്കുന്നത് എന്തിന്റെ പേരിലായാലും ന്യായീകരണമില്ലാത്തതാണ്.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിളിച്ചാലും അങ്ങനെ തന്നെയാണത്രെ. സേവ് ചെയ്തിട്ടുള്ള നാലോ അഞ്ചോ നമ്പരുകളിൽ നിന്ന് വിളിച്ചാലേ എടുക്കൂ. ഈ നമ്പരുകളിൽ നിന്നല്ലാതെ ആര് എത്ര അടിയന്തര ആവശ്യങ്ങൾക്ക് വിളിച്ചാലും ഒരു രക്ഷയുമില്ല- അത് പൊലീസ് കമ്മിഷണറായാലും ഫയർഫോഴ്‌സായാലും പത്രക്കാരായാലും. വളരെ കുറച്ച് നാളായിട്ടേയുള്ളു ഇപ്പോഴത്തെ ഡി.എം.ഒ കൊല്ലത്തെത്തിയിട്ട്. ഇതിനുള്ളിൽ തന്നെ പലകാര്യങ്ങൾക്കും കളക്ടർക്ക് വിശദീകരണം ചോദിക്കേണ്ടി വന്നു. ഏതോ ഒരു പത്രം തെറ്റായ വാർത്ത കൊടുത്തതുകൊണ്ടാണത്രെ ഫോൺ എടുക്കാത്തതെന്നാണ് ഡി.എം.ഒ പറയുന്നത്. അതിന് മറ്റ് മാദ്ധ്യമങ്ങൾ എന്തു പിഴച്ചു? ഡി.എം.ഒ മിണ്ടാതിരുന്നാൽ അത് തെറ്റായി തുടരില്ലേ. ആ പത്രക്കാരെ ഫോണിൽ വിളിച്ച് തെറ്റ് തിരുത്താൻ ആവശ്യപ്പെട്ടുകൂടെ ? കള്ളവാർത്തയെ അങ്ങനെ ഡി.എം.ഒ യ്ക്ക് നിയന്ത്രിക്കാമല്ലോ. അതും ചെയ്യുന്നില്ല. അപ്പോൾ ജില്ലയിലെ മെഡിക്കൽ രംഗത്തെ വിവിധ കാര്യങ്ങളും കൊവിഡ് പ്രശ്‌നങ്ങളും ഗൗരവതരമായ സംശയങ്ങളുമൊക്കെ ജനപ്രതിനിധികളും മാദ്ധ്യമങ്ങളും പൊലീസ് ഓഫീസർമാരുമൊക്കെ ആരോട് ചോദിക്കണമെന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു...

മുൻഷിമാരുടെ ഭാഷയിൽ പറഞ്ഞാൽ.... കൊവിഡിനെക്കാൾ കഷ്ടമാണ് കൊവിഡിനെ ഓടിക്കേണ്ടവർ.