# സ്കൂൾ പഠന കാലം മുതലേ തുടങ്ങിയതാണ് കിസാൻ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കുന്നേൽ രാജേന്ദ്രന്റെ പൊതുപ്രവർത്തനം. ആരോഗ്യ വകുപ്പിൽ കൊല്ലം ജില്ലാ മെഡിക്കൽ സ്റ്റോർ സൂപ്രണ്ടായി വിരമിച്ച ശേഷം പൂർണമായും രാഷ്ട്രീയ, സാമുദായിക പ്രവർത്തനത്തിൽ സജീവമാണ്.
കൊവിഡ് കാലത്തും പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമമാകുകയാണ് കിസാൻ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലാേക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ കുന്നേൽ രാജേന്ദ്രൻ. 2002 ൽ ആരോഗ്യ വകുപ്പിൽ നിന്ന് കൊല്ലം ജില്ലാ മെഡിക്കൽ സ്റ്റോർ സൂപ്രണ്ടായി വിരമിച്ച ശേഷം പൂർണമായും രാഷ്ട്രീയ പ്രവർത്തനത്തിലും സാമുദായിക പ്രവർത്തനത്തിലും സജീവമായി.
പടനായർകുളങ്ങര തെക്ക് കുന്നേൽ വീട്ടിൽ ബാലകൃഷ്ണൻ- ഭാർഗ്ഗവി ദമ്പതികളുടെ മൂന്നാമത്തെ മകനാണ് കുന്നേൽ രാജേന്ദ്രൻ. കരുനാഗപ്പള്ളി യു.പി.ജി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യസവും ബോയ്സ് ഹൈസ്കൂളിൽ നിന്ന് പത്താം ക്ളാസും പാസായി. കൊല്ലം എസ്.എൻ കോളേജിൽ നിന്ന് പ്രീഡിഗ്രി പാസായ ശേഷം പാലക്കാട് ഗവ. ഫാർമസി കോളേജിൽ ചേർന്ന് ഫർമസി കോഴ്സ് പാസായി. 19-ാം വയസിൽ വള്ളിക്കാവ് ഗവ. ഡിസ്പെൻസറിയിൽ ജോലിയിൽ പ്രവേശിച്ചു. 36 വർഷം കേരളത്തിന്റെ വിവിധ ജില്ലകളിൽ സേവനം അനുഷ്ഠിച്ചു. എൻ.ജി.ഒ അസോസിയേഷന്റെ പ്രവർത്തനങ്ങളിലേക്ക് കുന്നേൽ രാജേന്ദ്രനെ കൈപിടിച്ചുയർത്തിയത് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് കെ.കരുണാകരൻപിള്ളയാണെന്ന് അദ്ദേഹം വിനയത്തോടെ ഓർക്കുന്നു. തുടർന്ന് എൻ.ജി.ഒ അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി, താലൂക്ക് കമ്മിറ്റി പ്രസിഡന്റ്, ജില്ലാ ജോ. സെക്രട്ടറി, ജില്ലാ ട്രഷറർ, ജില്ലാ ജനറൽ സെക്രട്ടറി, ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഈ കാലയളവിൽ സംഘടനയെ ശക്തിപ്പെടുത്താൻ വളരെയേറെ പ്രത്നിച്ചു. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ നിന്ന് നഴ്സിംഗ് സൂപ്രാണ്ടായി വിരമിച്ച കെ.സുശീല ഭാര്യയും ഡോ. വി.ആർ. അനൂപ്, ഡോ. എസ്.അനൂജ എന്നിവർ മക്കളും ഡോ. എ.കെ.അമ്പിളി, ഡോ. കെ.കിരൺ എന്നിവർ മരുമക്കളുമാണ്.
സ്കൂൾ പഠന കാലത്ത് കെ.എസ്.യു പ്രവർത്തകനായിരുന്നു. കരുനാഗപ്പള്ളി നാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായാണ് പാർട്ടിയിലേക്ക് ആദ്യ പ്രവേശനം. രാഷ്ട്രീയ പ്രവർത്തനത്തിൽ കൂടുതൽ സജീവമായതോടെ കർഷകരെ സംഘടിപ്പിക്കുന്ന ചുമതലയാണ് പാർട്ടി ഏല്പിച്ചത്. കിസാൻ കോൺഗ്രസ് താലൂക്ക് കമ്മിറ്റി പ്രസിഡന്റായി ഉയർന്ന കുന്നേൽ രാജേന്ദ്രൻ നിലവിൽ കിസാൻ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയാണ്. ഇതോടൊപ്പം കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം സാമുദായിക പ്രവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ കൗൺസിലറായി മൂന്നിലേറെ തവണ സേവനം അനുഷ്ഠിച്ചു. നിലവിൽ യൂണിയൻ കമ്മിറ്റി അംഗമാണ്. ശ്രീനാരായണ ഗുരുദേവ സന്ദേശങ്ങളുടെ പ്രചാരകനായ കുന്നേൽ രാജേന്ദ്രൻ ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ വൈസ് പ്രസിഡന്റാണ്. ഇപ്പോൾ ജില്ലാ പ്രസിഡന്റിന്റെ ചുമതല കൂടി വഹിക്കുന്നു. സംസ്ഥാന ഉപഭോക്തൃ സമിതി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, കരുനാഗപ്പള്ളി നഗരസഭ 28-ാം ഡിവിഷൻ ശാന്തി നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, മനുഷ്യാവകാശ നീതി ഫോറം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.