കൊട്ടാരക്കര : കൊവിഡ് 19 നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ 6ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ നടക്കേണ്ടിയിരുന്ന നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ചുള്ള ആഘോഷം മാറ്റിവെച്ചു. ആഘോഷത്തിനായി സമാഹരിച്ച തുക ഉപയോഗിച്ച് ശാന്തിഗിരി ഒരു ലക്ഷം പേർക്ക് ഭക്ഷണം നൽകുമെന്ന് മുഖ്യമന്ത്രി ചൊവ്വാഴ്ച തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് എല്ലാവർഷവും ജില്ലയിൽ നടക്കുന്ന സത്‌സംഗങ്ങളും ജില്ലാസമ്മേളനവും കുടുംബസംഗമങ്ങളും ശാന്തിയാത്രയും മാറ്റിവെച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അയ്യായിരം പേർക്കുള്ള ഭക്ഷണം കൊട്ടാരക്കരയിൽ സാമൂഹിക അടുക്കളകൾ വഴി വിതരണം ചെയ്യുമെന്ന് ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ഏരിയാ ഓഫീസ് ഇൻ ചാർജ് ജനനി തേജസ്വിനി ജ്ഞാനതപസ്വിനി അറിയിച്ചു. വെളിയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെളിയത്തും ഓടനാവട്ടത്തുമുള്ള സാമൂഹിക അടുക്കള വഴി 1300 പേർക്ക് അന്നദാനത്തിനുള്ള ധനസഹായം ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ഏരിയാ പ്രതിനിധികളായ പുഷ്പകുമാർ, ബിമൽ, സന്തോഷ് (വെളിയം സ്റ്റോർസ് ), സുധാമണി ജയപ്രകാശ്, ലതിക പുഷ്പകുമാർ എന്നിവർ ചേർന്ന് വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാലിനു കൈമാറി.