കൊല്ലം: ചവറയിലെ വ്യാജവാറ്റ് കേന്ദ്രത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ 700 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിന് സമീപത്തെ കൊട്ടാരക്കടവിലെ കാട് പിടിച്ച് കിടക്കുന്ന ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കോട. പ്രദേശം കേന്ദ്രീകരിച്ച് വൻ തോതിൽ വ്യാജവാറ്റ് നടക്കുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കി. ചവറ പൊലീസിന്റെ സഹായത്തോടെ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പരിശോധന നടത്തിയത്. ഡാൻസാഫ് സംഘാംഗങ്ങളായ ബൈജു പി. ജെറോം, എം. സജു, ആർ. സീനു, കെ. മനു തുടങ്ങിയവർ പങ്കെടുത്തു.
കരുനാഗപ്പള്ളി : എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി. മോഹന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 60 ലിറ്റർ കോടയും 2 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കുലശേഖരപുരം നീലികുളം രാജേഷ് ഭവനത്തിൽ വിനോദിന്റെ വീട്ടിൽ നിന്നാണ് സാധനങ്ങൾ കണ്ടെടുത്തത്. കോട അവിടെ വെച്ചു തന്നെ നശിപ്പിച്ചു. വിനോദിനെതിരെ കേസെടുത്തു. കേസിന്റെ തുടരന്വേഷണം റേഞ്ച് ഇൻസ്‌പെക്ടർ പി. അനിൽകുമാർ ഏറ്റെടുത്തു.