കൊല്ലം: ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ചാത്തന്നൂരിനു സമീപം കട്ടച്ചലിലെ വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ 'ലോക്ക് ഡൗണി'ലായി. പതിവായി വന്നുപോകുന്നതായി ചിലർ അറിയിച്ചതോടെ എത്തിയ പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമാണ് ആ വീട്ടിൽത്തന്നെ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടത്.

നിയന്ത്രണങ്ങളുള്ളതിനാൽ തിരികെ പോകാനാകില്ലെന്നും വീടിനുള്ളിൽ തുടരണമെന്നും ആദിച്ചനല്ലൂർ പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അഭിഭാഷകന് നിർദ്ദേശം നൽകി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം ചാത്തന്നൂർ പൊലീസ് കേസെടുത്തു. ഇയാൾ എത്തിയ കാർ പൊലീസ് കസ്റ്റഡിയിലാണ്. ബന്ധുവീടെന്നാണ് ചോദ്യം ചെയ്യലിൽ അഭിഭാഷകൻ പറഞ്ഞത്. എന്നാൽ വനിതാ സുഹൃത്തിന്റെ ഭർത്താവ് ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് മറ്റൊരു ജില്ലയിലേക്ക് പോയതിനാൽ അവിടെ ക്വാറന്റൈനിൽ കഴിയുകയാണത്രെ.

കട്ടച്ചലിലെ വീട്ടിൽ ലോക്ക് ഡൗൺ ലംഘിച്ച് അപരിചിതനായ ഒരാൾ തിരുവനന്തപുരം രജിസ്ട്രേഷൻ കാറിൽ നിരന്തരം വന്നുപോകുന്നുവെന്ന് പ്രദേശവാസി കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ പകർപ്പ് ചാത്തന്നൂർ പൊലീസിനും ലഭിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അഭിഭാഷകനെ പ്രദേശവാസികൾ തടഞ്ഞുവച്ച് പൊലീസിനെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചത്. തുടർന്നാണ് പൊലീസും ആരോഗ്യ പ്രവർത്തകരും എത്തിയത്. ഇന്നലെയാണ് സോഷ്യൽമീഡിയയിലൂടെയും മറ്റും സംഭവം പുറത്തറിഞ്ഞത്.

''അഭിഭാഷകനെതിരെ കേസെടുത്തു. അദ്ദേഹം കട്ടച്ചലിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. വാഹനവും പൊലീസ് കസ്റ്റഡിയിലാണ്.

ജസ്റ്റിൻ ജോൺ,

ചാത്തന്നൂർ എസ്.എച്ച്.ഒ