c
സിസേറിയൻ മുറിവിൽ ഗർഭം ഒട്ടിപ്പിടിച്ച യുവതിയെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു

കൊല്ലം: മുൻ പ്രസവത്തിന്റെ സിസേറിയൻ മുറിവിൽ ഗർഭസ്ഥശിശു ഒട്ടിപ്പിടിച്ച് ഗുരുതരാവസ്ഥയിലായ യുവതിക്ക് അടിയന്തര ശസ്ത്രക്രിയയിലൂടെ പുനർജന്മം. അമിത രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുര സ്വദേശിനിയായ 29 കാരിയെ കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയിലാണ് മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത്.
കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ അമിത രക്തസ്രാവത്തെ തുടർന്ന് എൻ.എസ് സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയിൽ 'സിസേറിയൻ സ്‌കാർ എക്‌ടോപിക് പ്രഗ്‌നൻസി" (സിസേറിയൻ മുറിവിൽ ഗർഭസ്ഥ ശിശു ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥ) ആണെന്ന് കണ്ടെത്തി. അത്യപൂർവമായാണ് ഇത്തരത്തിൽ ഗർഭധാരണം സംഭവിക്കുന്നത്. ഗർഭപാത്രത്തിന് പുറത്ത് ഗർഭം ഉള്ളതിനാൽ ആന്തരിക രക്തസ്രാവം നിരന്തരം ഉണ്ടായി യുവതിക്ക് ജീവൻ നഷ്ടപ്പെടാനുള്ള സാദ്ധ്യത ഏറെയായിരുന്നു. മരുന്ന് അധികമായി നൽകുന്നത് യുവതിയുടെ മറ്റ് അവയവങ്ങളെ ബാധിക്കുമെന്നതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. ഒപ്പം രക്തവും നൽകി. കുഞ്ഞിന് 9 ആഴ്ച വളർച്ചയുണ്ടായിരുന്നു. ഗൈനക്കോളജിസ്റ്റും ഇൻഫെർട്ടിലിറ്റി സ്‌പെഷ്യലിസ്റ്റുമായ ഡോ. അഞ്ജു മാധവനാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. അനസ്‌തേഷ്യോളജിസ്റ്റ് ഡോ.അനു, സ്റ്റാഫ് നഴ്‌സുമാരായ രേഷ്മ, സിന്ധു, സോണി എന്നിവർ ടീമിലുണ്ടായിരുന്നു. നാല് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം യുവതി കഴിഞ്ഞ ദിവസം ഡിസ്ചാർജായി.