കൊല്ലം: ടൂറിസ്റ്റ് വിസയിൽ കേരളത്തിലെത്തി എട്ട് വർഷമായി കശുഅണ്ടി ഫാക്ടറിയിൽ ജോലി ചെയ്‌തുവന്ന നാല് ബംഗ്ലാദേശികളെ ശൂരനാട് പാെലീസ് അറസ്റ്റ് ചെയ്‌തു. ആനയടി തങ്കം കാഷ്യൂ ഫാക്ടറി ജീവനക്കാരായ മുഹമ്മദ് സെയ്ദുൾ റഹ്മാൻ (22), മുഹമ്മദ് അബ്ദുൾ വഹാബ് (28), മുഹമ്മദ് എംദാദുൽ (35) മുഹമ്മദ് അലിറ്റൻ അലി (42) എന്നിവരാണ് പിടിയിലായത്. കശുഅണ്ടി ഫാക്ടറി ഉടമ കണ്ണമം സ്വദേശി ജെയ്സൺ, ഫാക്ടറി മാനേജർ അനിൽസേവ്യർ (41) എന്നിവർക്കെതിരെയും കേസെടുത്തു.
ടൂറിസ്റ്റ് വിസയിലെത്തിയ ബംഗ്ലാദേശി പൗരൻമാരെ ജോലിക്കെടുത്തതിനും വിവരം പൊലീസിൽ അറിയിക്കാതിരുന്നതിനുമാണ് ഫാക്ടറി ഉടമയ്ക്കെതിരെ കേസെടുത്തത്. കൊവിഡുമായി ബന്ധപ്പെട്ട ക്രൈം ഡ്രൈവ് സോഫ്ട്‌വെയറിൽ അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി വിവരങ്ങൾ ചേർക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥർ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടപ്പോൾ രേഖകളൊന്നും നൽകിയില്ല. സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലുപേരുടെയും പാസ്‌പോർട്ട് ലഭിച്ചത്. തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബംഗാൾ സ്വദേശികളെന്ന വ്യാജേന ബംഗ്ലാദേശികൾ മറ്റെവിടെയെങ്കിലും ജോലി ചെയ്യുന്നുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി സ്വദേശത്തേക്ക് മടക്കി അയയ്ക്കാനുള്ള നടപടികൾ പൊലീസ് സ്വീകരിക്കും.
''
ടൂറിസ്റ്റ് വിസയിലെത്തുന്ന ഇത്തരക്കാർ കാലാവധി കഴിയും മുമ്പേ മടങ്ങുന്നതാണ് പതിവ്. അസം വരെ ട്രെയിനിൽ പോകുന്ന ഇവർ പിന്നീട് ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി കടന്ന് നാട്ടിലേക്ക് പോകും.
പി. ശ്രീജിത്ത്
എസ്.ഐ, ശൂരനാട്