kunnathur
അമ്പഴങ്ങാക്കൂട്ടം സമ്മാനിച്ച ധനസഹായത്തിൽ നിന്നുമുള്ള വിഹിതം ജയകൃഷ്ണൻ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നു

കുന്നത്തൂർ: അച്ചന്റെ കൂട്ടുകാർ സമ്മാനിച്ച തുകയിൽ നിന്ന് ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഭിന്നശേഷിക്കാരനായ പന്ത്രണ്ടുകാരൻ മാതൃകയായി. ലോക്ക് ഡൗണിൽ ബുദ്ധിമുട്ടിയ വേങ്ങ പഴഞ്ഞി കിഴക്കതിൽ സുധികുമാറിനെയും അപൂർവ രോഗം ബാധിച്ച് കിടപ്പിലായ മകനെയും തേടിയാണ് സഹപാഠികൾ സഹായവുമായെത്തിയത്. വർഷങ്ങൾക്ക് മുമ്പ് ഭാര്യയെ നഷ്ടപ്പെട്ട സുധികുമാർ മക്കളുമായി അടച്ചുറപ്പില്ലാത്ത വീട്ടിലാണ് താമസം. ഒന്നര വർഷം മുൻപാണ് തേവലക്കര ബോയ്സ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ജയകൃഷ്ണനെ അപൂർവ രോഗം ബാധിച്ചത്. ഇതോടെ ശരീരം തളർന്ന് കുട്ടി കിടപ്പിലായി. മകനെ ചികിത്സിക്കാനും സംരക്ഷിക്കാനുമായി സുധികുമാറിന് ജോലിക്ക് പോകാൻ പറ്റാതായി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായ സഹപാഠിയുടെ കുടുംബത്തിന്റെ ദുരവസ്ഥയറിഞ്ഞ് സ്കൂൾ ബാച്ചിന്റെ കൂട്ടായ്മയായ അമ്പഴങ്ങാക്കൂട്ടത്തിന്റെ പ്രവർത്തകരാണ് മരുന്നും സാമ്പത്തിക സഹായവുമായി വീട്ടിലെത്തിയത്. അവർ അനുജന് നൽകിയ പണത്തിൽ നിന്ന് 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് അഭിപ്രായപ്പെട്ടത് സഹോദരിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ കൃഷ്ണപ്രിയയാണ്. തുടർന്ന് ശാസ്താംകോട്ട പൊലീസിന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേക്ക് തുക കൈമാറിയാണ് ശരീരം തളർന്ന ഈ പന്ത്രണ്ടുകാരൻ മാതൃകയായത്.