v
സുരേന്ദ്രൻ ജെ കൊല്ലകയും കുടുംബവും

കൊല്ലം: കാലിപോക്കറ്റുമായി ഉത്തരേന്ത്യയിലേക്ക് വണ്ടി കയറി. മുംബയ് മഹാനഗരത്തിൽ പലതവണ അടിതെറ്റി വീണിട്ടും ഇച്ഛാശക്തിയോടെ അദ്ധ്വാനിച്ചു. സ്വപ്നങ്ങൾ കണ്ടതിനേക്കാൾ വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ സുരേന്ദ്രൻ ജെ.കൊല്ലക ലോക്ക് ഡൗൺ കാലത്ത് ചവറ പന്മന ആശ്രമത്തിന് സമീപത്തെ അജിത്ത് ഭവനിലിരുന്ന് പിന്നിട്ട വഴികൾ ഓർത്തെടുക്കുകയാണ്.

ചവറ കൊല്ലക പള്ളിയുടെ കിഴക്കതിൽ വീട്ടിൽ കെ. ജനാർദ്ദനന്റെയും ലക്ഷ്മിക്കുട്ടിയുടെയും മൂത്ത മകനായി 1958 മാർച്ച് 15നാണ് ജനനം. എസ്.എസ്.എൽ.സി തോറ്റതോടെ പണി തേടി ഉത്തരേന്ത്യയിലേക്ക് ട്രെയിൻ കയറി. ഒറീസയിലും ഉത്തർപ്രദേശിലും മദ്ധ്യപ്രദേശിലും തൊഴിൽ തേടി അലഞ്ഞു. ഒടുവിൽ 1975ൽ മുംബയ് നഗരത്തിൽ എത്തപ്പെട്ടു. തലോജയിലെ മഹാരാഷ്ട്ര ഡെവല്പമെന്റ് കോർപ്പറേഷന്റെ ഒരു കമ്പിനിയിൽ ജോലിയിൽ പ്രവേശിച്ചു. ജീവിതം ചെറുതായി പച്ചപിടിച്ച് തുടങ്ങി. 1979ൽ നാട്ടിലെത്തി കാട്ടയ്യത്ത് പപ്പു- ഉമ്മിണി ദമ്പതികളുടെ മകൾ സരസമ്മയെ വിവാഹം കഴിച്ചു. ഭാര്യയുമൊത്ത് മഹാനഗരത്തിലേക്ക് വണ്ടി കയറി. ഒരു വർഷം പിന്നിട്ടപ്പോൾ ഇടത്തീ വീണ പോലെ സുരേന്ദ്രൻ ജോലി ചെയ്തിരുന്ന കമ്പിനി പൂട്ടി. പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഭാര്യ അവിടുത്തെ സുഹൃത്തുകളുമായി ചേർന്ന് കൺസ്ട്രക്ഷൻ കമ്പിനി ആരംഭിച്ചു. ഒരു വഷം കഴിഞ്ഞപ്പോൾ നഷ്ടക്കണക്ക് പറഞ്ഞ് ഭാര്യയെ കമ്പിനിയിൽ നിന്ന് പുറത്താക്കി.

ജീവതത്തിൽ ഇരുട്ട് പരന്ന് തുടങ്ങിയപ്പോൾ സുരേന്ദ്രനും ഭാര്യയും ചേർന്ന് സുരസ ഫാബ്രിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്വന്തം കമ്പിനി തുടങ്ങി. ബിസിനസ് പച്ച പിടിച്ചതോടെ 1996ൽ മഹാരാഷ്ട്ര ‌‌‌ഡെവലപ്പ്മെന്റ് കോർപ്പേറഷന്റെ സ്ഥലം വാങ്ങി. ഇപ്പോൾ മുബയ് മുതൽ തിരുവനന്തപുരം വരെ പടർന്ന് പന്തലിച്ചിരിക്കുകയാണ് സുരേന്ദ്രന്റെ ബിസിനസ് സാമ്രാജ്യം. ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ, ബി.പി.സി.എൽ അടുക്കമുള്ള പ്രമുഖ കമ്പിനികളുടെ നിർമ്മാണ പദ്ധതികൾ ഏറ്റെടുത്ത് നടത്തിവരുന്നു.

കമ്പിനിയിൽ നൂറ് കണക്കിന് ജീവനക്കാരുണ്ട്. എല്ലാവർക്കും കൃത്യസമയത്ത് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകും. ഇതിനകം ടാക്സ് കൃത്യസമയത്ത് അടയ്ക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം കമ്പിനിക്ക് ലഭിച്ചിട്ടുണ്ട്. സമ്പാദ്യത്തിന്റെ വലിയൊരു വഭാഗം കാരുണ്യ പ്രവർത്തനങ്ങൾക്കും നീക്കിവയ്ക്കുന്നു. പത്തനാപുരം ഗാന്ധിഭവനിലെ നിത്യസന്ദർശകനാണ്. സാജന്യമായി മാസ്ക് തുന്നി നൽകുന്ന നിർദ്ധനയായ യുവതിയെക്കുറിച്ചുള്ള കേരളകൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ട് സ്നേഹ സമ്മാനമായി പതിനായിരം രൂപ നൽകി. ഇങ്ങനെ ആരോടും പറയാതെ ആരെയും അറിയിക്കാതെ ലക്ഷങ്ങളാണ് പാവങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നത്.

ഗുരദേവന്റെ വിളി

2014 ആഗസ്റ്റ് 8ന് എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് സുരേന്ദ്രൻ ജെ. കൊല്ലകയെ ഫോണിൽ വിളിച്ചു. ചവറ 5386ാം നമ്പർ ശാഖയുടെ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇടയ്ക്കിടക്ക് മുംബയിൽ പോകേണ്ടി വരുന്നതിനാൽ വിസമ്മതിച്ചു. അന്ന് രാത്രി സ്വപ്നത്തിൽ ഗുരുദേവന്റെ വിളിയെത്തി. അതോടെ ശാഖാ സെക്രട്ടിറി സ്ഥാനം ഏറ്റെടുത്തു. ശാഖയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഏറെ വൈകാതെ 1200 ചതുരശ്രയടി വിസ്തീർണത്തിൽ ഗുരുമന്ദിരം നിർമ്മിച്ചു. ശാഖാ പരിധിയിലെ നിർദ്ധരനായ രണ്ട് രോഗികൾക്ക് ചികിത്സയ്ക്കും വലിയ തുക നൽകി. അടുത്ത സമയത്താണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

ലോക്ക് ഡൗണിലും വിശ്രമമില്ല

ലോക്ക് ഡൗൺ കാലത്തും വിശ്രമമില്ലാതെ പണിയെടുക്കയാണ് സുരേന്ദ്രൻ. മുഖ്യമന്ത്രി പറഞ്ഞത് പോലെ കൃഷിയിലാണ് ശ്രദ്ധ. 1.33 ഏക്കർ ഭൂമി സ്വന്തമായുണ്ട്. വാഴയും കാച്ചിലും ചേമ്പും ചേനയുമെക്കെ നിറഞ്ഞ് നിൽക്കുകയാണ്. ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയത് പോലെ കൃഷിയിലും ഭാര്യ സരസമ്മ ഒപ്പമുണ്ട്. സുരേന്ദ്രന്റെ എല്ലാ മുന്നേറ്റങ്ങളുടെയും ആണിക്കല്ലും ചാലകശക്തിയും സരസമ്മയാണ്. ബി.ടെക് ബിരുദധാരിയായ മൂത്ത മകൻ അജിത്തും മരുമകൾ മിലനും ചേർന്നാണ് മുംബയിലെ ബിസിനസ് നോക്കി നടത്തുന്നത്. ഇളയമകൻ അനീഷ് കുമാർ കൊല്ലം ബെസൻസിഗറിലെ ഡോക്ടറാണ്. ഭാര്യ ജിതി അനീഷ് എൻ.എസ് ആശുപത്രിയിലെ ഡോക്ടറാണ്. ആര്യൻ, അയാൻ, ആരുഹ്, ആവനി എന്നിവർ കൊച്ചുമക്കളാണ്.