ലോറിയിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കി
കുണ്ടറ: മഹാരാഷ്ട്രയിൽ നിന്ന് ചടയമംഗലത്തേക്ക് കൊണ്ടുപോവുകയായിരുന്ന 1600 കിലോ പഴകിയ മത്സ്യം കുണ്ടറ പൊലീസ് പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് മത്സ്യവുമായെത്തിയ ലോറി ആശുപത്രിമുക്ക് ചെക്ക്പോസ്റ്റിൽ ജോലിയിലുണ്ടായിരുന്ന പൊലീസിന്റെ പിടിയിലാവുന്നത്.
ഫ്രീസർ സൗകര്യങ്ങളില്ലാത്ത ലോറിയിൽ ഐസ് ഇട്ട് സൂക്ഷിച്ച നിലയിലായിരുന്നു മത്സ്യം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിൽ ലോറിയിലുണ്ടായിരുന്ന നാലര ടൺ മത്സ്യം കേടായതാണെന്ന സംശയത്തിൽ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഏഴിനം മത്സ്യം കടത്തിവിട്ടതായി ബില്ലിൽ പറയുന്നുണ്ടെങ്കിലും കാരൽ, വങ്കട, ചൂര, കൊഴുചാള എന്നീ നാലിനം മത്സ്യങ്ങളാണ് ലോറിയിലുണ്ടായിരുന്നത്. ഇന്നലെ വൈകിട്ടോടെ ലഭിച്ച പരിശോധനാ ഫലത്തിൽ വങ്കട ഒഴികെയുള്ള 1600 കിലോ മത്സ്യം കേടായതാണെന്ന് ബോധ്യമായി. കേടായ മത്സ്യം മാറ്റിയശേഷം ഭക്ഷ്യയോഗ്യമായവ കൊണ്ടുപോകുന്നതിന് അനുവാദം നൽകി.
മഹാരാഷ്ട്രയിലെ രത്‌നഗിരി തുറമുഖത്ത് നിന്ന് മലയാളിയായ ഏജന്റാണ് കഴിഞ്ഞ 29ന് മത്സ്യം കയറ്റിവിട്ടത്. ലോറിയിൽ രണ്ട് മഹാരാഷ്ട്ര സ്വദേശികളാണുണ്ടായിരുന്നത്. ഇവരെ ടി.കെ.എം എൻജിനിയറിംഗ് കോളജിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി.