1000 ലിറ്റർ വാഷും ചാരായവും പിടികൂടി
കുണ്ടറ: വിൽപ്പനയ്ക്കായി വീട്ടിൽ ചാരായം വാറ്റുന്നതിനിടെ യുവാവ് എക്‌സൈസ് സംഘത്തിന്റെ പരിശോധനയിൽ പിടിയിലായി. പരിശോധന നടക്കുമ്പോൾ പുറത്തായിരുന്ന ഇയാളുടെ അച്ഛനും കൂട്ടുപ്രതിയുമായ ആളെ പിടികൂടാനായില്ല.
പടപ്പക്കര നെല്ലിമുക്ക് രാജിമംഗലം വീട്ടിൽ സോനു (19) ആണ് പിടിയിലായത്. ഇന്നലെ രാത്രി ഏഴോടെ വാറ്റ് ആരംഭിച്ച ശേഷം മകനെ ഏൽപ്പിച്ച് അച്ഛൻ ഷിബു പുറത്തേക്ക് പോയപ്പോഴാണ് എക്‌സൈസ് സംഘം എത്തിയത്. ഇവിടെ നിന്ന് വാറ്റുന്നതിന് തയ്യാറാക്കിയ ആയിരം ലിറ്റർ കോടയും രണ്ട് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
അച്ഛനും മകനും ചേർന്ന് ചാരായം തയ്യാറാക്കി കാറിൽ പടപ്പക്കരയെത്തിച്ച് വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് എക്‌സൈസ് അറിയിച്ചു. ലിറ്ററിന് 2000 രൂപവരെ ഇടപാടുകാരിൽ നിന്ന് ഈടാക്കിയാണ് ഇവർ ചാരായം വിറ്റിരുന്നത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘമെത്തിയത്. കരാറുകാരനായ ഷിബു കാഞ്ഞിരകോട് ഫയർ സ്റ്റേഷന് സമീപം വാങ്ങിയ സ്ഥലത്ത് വീട് വച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോട് ചേർന്ന ഷെഡിലാണ് ചാരായം വാറ്റിക്കൊണ്ടിരുന്നത്. വിജനമായ പ്രദേശമായതിനാൽ സുരക്ഷിതമാണെന്ന ധാരണയിലാണ് ഇവിടം തിരഞ്ഞെടുത്തത്.
കൊല്ലം എക്‌സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ ജോസ് പ്രതാപ്, പ്രിവന്റിവ് ഓഫീസർ സുരേഷ് ബാബു, സതീഷ് ചന്ദ്രൻ, എബേഴ്‌സൺ ലാസർ, ശ്രീകുമാർ, രഞ്ജിത്ത് തുടങ്ങിയവരാണ് റെയ്ഡ് നടത്തിയത്.