ഒരു കാലത്ത് ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു ഋഷി കപൂറും നീതു സിംഗും. സിനിമയിലെ പ്രണയം ഇരുവരേയും ജീവിതത്തിലും പ്രണയിപ്പിച്ചു. അവസാനം വര്‍ഷങ്ങളുടെ പ്രണയം അവസാനിച്ച് ഋഷി കപൂര്‍ വിടപറഞ്ഞിരിക്കുകയാണ്. തന്റെ പ്രണയ നായകന്റെ വിരഹത്തിന് പിന്നാലെ ഹൃദയം തകര്‍ന്നുകൊണ്ട് നീതു സോഷ്യല്‍ പങ്കുവെച്ച വാക്കാണ് ഇപ്പോള്‍ സിനിമ ലോകത്തെ വേദനിപ്പിക്കുന്നത്.
'ഞങ്ങളുടെ കഥയുടെ അന്ത്യം' എന്നാണ് ഋഷി കപൂറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് നീതു കുറിച്ചത്. കയ്യില്‍ മദ്യ ഗ്ലാസും പിടിച്ചുകൊണ്ട് ചിരിച്ചിരിക്കുന്ന ഋഷി കപൂറിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ നീതുവിന്റെ അടിക്കുറിപ്പിനെ സിനിമലോകം തള്ളുകയാണ്. നിങ്ങളുടെ പ്രണയത്തിന് അന്ത്യമില്ലെന്നും ഒരിക്കലും അങ്ങനെ പറയരുത് എന്നുമാണ് സെലിബ്രിറ്റികള്‍ പോലും കുറിക്കുന്നത്.
മകള്‍ ഋധിമ കപൂര്‍, ബോളിവുഡ് താരങ്ങള്‍ അനുപം ഖേര്‍, സഞ്ജയ് കപൂര്‍, അനുഷ്‌ക ശര്‍മ, കരിഷ്മ കപൂര്‍, അനില്‍ കപൂറിന്റെ ഭാര്യ സുനിത കപൂര്‍ എന്നിവരാണ് കമന്റ് ചെയ്തിരിക്കുന്നത്.12 സിനിമകളിലാണ് ഋഷി കപൂറും നീതുവും ഒരുമിച്ചത്. 1980 ലാണ് ഇരുവരും വിവാഹിതരാകുന്നത്. തുടര്‍ന്ന് സിനിമ വിട്ട നീതു 2009 ല്‍ പുറത്തിറങ്ങിയ ലവ് ആജ് കല്ലിലൂടെ ഭര്‍ത്താവിനൊപ്പം വീണ്ടും സ്ക്രീനില്‍ എത്തിയിരുന്നു.