ഹോട്ട് സ്പോട്ടുകളിൽ ലോക്ക് ഡൗൺ ഇളവില്ല
കൊല്ലം: കൊവിഡ് പ്രതിരോധത്തിന് ലോക്ക് ഡൗൺ 17 വരെ നീട്ടിയെങ്കിലും ഓറഞ്ച് സോണിൽ ഉൾപ്പെട്ട കൊല്ലത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. ജനജീവിതം സാധാരണ ഗതിയിലേക്ക് തിരികെയെത്തിക്കുന്നതിന് സഹായകമാകുന്ന ഇളവുകളാണ് പ്രാബല്യത്തിൽ വന്നത്. ഇളവുകൾ നിലനിൽക്കുമ്പോഴും അനാവശ്യ യാത്രകൾക്കും ആൾക്കൂട്ടങ്ങൾക്കും അനുവദിക്കില്ല. ലോക്ക് ഡൗൺ പിൻവലിച്ചിട്ടില്ലാത്തതിനാൽ യാത്രാ പാസുകൾ, സത്യവാങ്മൂലം എന്നിവ ഇല്ലാതെ അനാവശ്യ യാത്രകൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകും. അതേ സമയം ഇളവുകൾ വ്യാപാര മേഖല, നിർമ്മാണ മേഖല, ഗതാഗത മേഖല എന്നിവയ്ക്ക് ആശ്വാസം നൽകും. ഞായറാഴ്ചകൾ പൊതു അവധി ദിവസമാക്കി പ്രഖ്യാപിച്ചതിലൂടെ ലക്ഷ്യമിടുന്നത് സമ്പൂർണ കർഫ്യൂ ആണ്. എല്ലാ യാത്രകളും ഒഴിവാക്കി ജനങ്ങളെ പൂർണമായും വീടുകളിലിരുത്തുകയാണ് ലക്ഷ്യം. ഹോട്ട് സ്പോട്ടുകളിൽ ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ല.
നിയന്ത്രണങ്ങളോടെ ഓഫീസുകൾ
സർക്കാർ ഓഫീസുകൾ ലോക്ക് ഡൗൺ അവസാനിക്കും വരെ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. അവശ്യ സർവീസുകൾ ഒഴികെയുള്ള വകുപ്പുകളിലെ ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരിൽ പകുതി പേരും സി, ഡി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരിൽ മൂന്നിലൊന്ന് പേരും ജോലിക്കെത്തിയാൽ മതിയാകും.
കൊല്ലത്തിന് ലഭിക്കുന്ന ഇളവുകൾ
1. കൊല്ലത്തിന് പുറത്തേക്ക് സ്വകാര്യ വാഹനങ്ങളിൽ പോകാനാകും
2. ടാക്‌സികൾക്ക് സർവീസ് പുനരാരംഭിക്കാം
3. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് ടാക്സിയിൽ യാത്ര ചെയ്യാം
4. സ്വകാര്യ - നാല് ചക്ര വാഹനങ്ങളിലും ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ
5. രാവിലെ 7 മുതൽ രാത്രി 7.30 വരെ പുറത്തിറങ്ങാം
6. ഒറ്റനിലയുള്ള ചെറിയ തുണിക്കടകൾ. അഞ്ച് ജീവനക്കാർ മാത്രം
7. ചെറിയ ക്ലിനിക്കുകൾ
8. കൊറിയർ സർവീസുകൾ
9. സാമൂഹിക അകലം പാലിച്ച് പ്രഭാത സവാരിക്ക് അനുമതി
തുടരുന്ന നിയന്ത്രണങ്ങൾ
1. ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല
2. ആരാധനാ കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് പ്രവേശനമില്ല
3. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുത്
4. ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറും തുറക്കരുത്
5. ജിംനേഷ്യം, വൻ കിട ഷോപ്പിംഗ് മാളുകൾ തുറക്കാൻ പാടില്ല
6. ആട്ടോ റിക്ഷകൾ സർവീസ് നടത്തരുത്
7. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണം
8. ഒരു മീറ്ററിലേറെ സമൂഹിക അകലം പാലിക്കണം
9. ഹസ്തദാനം പാടില്ല, ഇടയ്ക്കിടെ കൈകൾ കഴുകണം
''
സർക്കാർ നിർദേശ പ്രകാരമാകും പൊലീസ് ഇടപെടലുകൾ. സാമൂഹിക അകലം ഉറപ്പ് വരുത്താനുള്ള പരിശ്രമത്തിലാണ് പൊലീസ്.
എസ്.ഹരിശങ്കർ
കൊല്ലം റൂറൽ എസ്.പി