മടക്കയാത്രയ്ക്ക് തയ്യാറെടുത്ത് അന്യസംസ്ഥാന തൊഴിലാളികൾ
കൊല്ലം: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളെ വൈകാതെ ട്രെയിനിൽ നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനായി തൊഴിലാളി ക്യാമ്പുകളിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവര ശേഖരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ തൊഴിലാളികൾ പോകാനുള്ളത് പശ്ചിമ ബംഗാളിലേക്കാണ്.
4,080 പശ്ചിമബംഗാളുകാരാണ് നാട്ടിലേക്ക് മടങ്ങാൻ സന്നദ്ധത അറിയിച്ചത്. അസാമിലേക്ക് 960, ജാർഖണ്ഡിലേക്ക് 140, ബീഹാറിലേക്ക് 170 എന്നിങ്ങനെയാണ് നിലവിൽ സ്വദേശത്തേക്ക് പോകാൻ താല്പര്യം അറിയിച്ചവരുടെ കണക്ക്. മറ്റ് ചില സംസ്ഥാനങ്ങളിലേക്ക് പോകാനും വിരലിലെണ്ണാവുന്നവരുണ്ട്.
കൊല്ലത്ത് നിന്ന് പ്രത്യേക ട്രെയിൻ സർവീസ് നടത്താൻ സാദ്ധ്യത കുറവാണ്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിൽ കൊല്ലത്ത് നിന്നുള്ളവരെയും കയറ്റിവിടാനാണ് സാദ്ധ്യത. മൂന്ന് ദിവസത്തിനുള്ളിൽ പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. യാത്രാ ദിവസവം തഹസീൽദാർമാരുടെ നേതൃത്വത്തിൽ ക്യാമ്പുകളിൽ നിന്ന് ബസുകളിൽ ഇവരെ ട്രെയിൻ പുറപ്പെടുന്ന റെയിൽവേ സ്റ്റേഷനുകളിൽ എത്തിക്കും. യാത്രയ്ക്ക് മുമ്പ് മെഡിക്കൽ ഓഫീസർ പരിശോധിച്ച് തൊഴിലാളികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റും നൽകും. നാട്ടിലേക്ക് മടങ്ങാൻ സ്വമേധയാ തയ്യാറാക്കുന്നവരെ മാത്രമാണ് യാത്രയാക്കുന്നത്.
.....................
കണക്കുകൂട്ടൽ എറണാകുളം മാതൃകയിൽ
പശ്ചിമ ബംഗാളിലേക്ക്
നാല് ട്രെയിനുകൾ വേണം
എറുണാകുളം മാതൃകയിൽ സാമൂഹിക അകലം പാലിച്ച് 1,200 പേരെ വരെ ഒരു ട്രെയിനിൽ കൊണ്ടുപോവുകയാണെങ്കിൽ ജില്ലയിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നാല് ട്രെയിൻ സർവീസെങ്കിലും വേണ്ടിവരും. അസാമിലേക്ക് ഒരു ട്രെയിനിന്റെ ആവശ്യമേയുള്ളുവെന്നാണ് നിലവിലെ കണക്കുകൂട്ടൽ. മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ ഇതര ജില്ലകളിൽ നിന്നുള്ള ട്രെയിനിൽ കയറ്റിവിടാനാണ് സാദ്ധ്യത. ക്യാമ്പുകളിൽ നിന്ന് തൊഴിലാളികളെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കാൻ കെ.എസ്.ആർ.ടി.സിയുടെ സഹായം തേടിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാൻ സന്നദ്ധരായുള്ളവരുടെ പട്ടിക ഇന്ന് ഏകദേശം തയ്യാറാകും.
ജില്ലലെ അന്യസംസ്ഥാനക്കാർ: 19,000
നാട്ടിലേക്ക് മടങ്ങുന്നവർ
പശ്ചിമബംഗാൾ: 4,080
അസാം: 960,
ജാർഖണ്ഡ്: 140,
ബീഹാർ: 170
(വിവരശേഖരണം പൂർത്തിയായിട്ടില്ല)
പ്രത്യേക ട്രെയിൻ: 3 ദിവസത്തിനുള്ളിൽ
''
നിർമ്മാണ പ്രവൃത്തികൾ ചെറിയ തോതിൽ ആരംഭിച്ച് പണി ലഭിച്ച് തുടങ്ങിയതോടെ അന്യസംസ്ഥാനക്കാരിൽ ചെറിയൊരു വിഭാഗം നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം മാറ്റിവച്ചിട്ടുണ്ട്.
അധികൃതർ
......................