ആശങ്ക പതിയെ അകലുന്നു
കൊല്ലം: ജില്ലയ്ക്ക് വലിയ ആശ്വാസം പകർന്ന് പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ട് നാല് ദിവസം പിന്നിടുന്നു. കഴിഞ്ഞ മാസം 29നാണ് ജില്ലയിൽ ഏറ്റവുമൊടുവിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
29ന് ആറ് പോസിറ്റീവ് കേസുകൾ ഒരുമിച്ച് റിപ്പോർട്ട് ചെയ്തത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. രോഗികളുമായി അടുത്ത് ഇടപഴകിയവരിലേക്ക് രോഗം പടർന്ന് ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുമെന്ന അശങ്ക ഉയർന്നെങ്കിലും അങ്ങനെയൊന്നും സംഭവിച്ചില്ല. 29ന് രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധനാ ഫലം വന്നതെല്ലാം നെഗറ്റീവാണ്.
കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന 12 പേരിൽ ചിലർ രണ്ട് ദിവസത്തിനകം ആശുപത്രി വിട്ടേക്കുമെന്ന് സൂചനയുണ്ട്. സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണത്തിൽ ജില്ല നിലവിൽ മൂന്നാം സ്ഥാനത്താണ്.
ആകെ രോഗം ബാധിച്ചവർ: 20
രോഗം ഭേദമായവർ: 8
നിലവിൽ ചികിത്സയിലുള്ളത്: 12
ഇതുവരെ നടത്തിയ സ്രവ പരിശോധന: 2030
ഫലം ലഭിച്ചത്: 1916
ഇനി കിട്ടാനുള്ളത്: 114