പുനലൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് മാർക്കറ്റുകളുടെ പ്രവർത്തനം നിജയപ്പെടുത്തിയതോടെ തമിഴ്നാട്ടിൽ സവാള അടക്കം പച്ചക്കറി വില കുത്തനെ ഇടിഞ്ഞു. എന്നാൽ അതിർത്തിയിലെ പുനലൂർ, പത്തനാപുരം താലൂക്കുകളിൽ വിലയിൽ വലിയ മാറ്റമില്ല.
തമിഴ്നാട്ടിലെ മാർക്കറ്റുകളിൽ സർക്കാർ നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ വ്യാപാരികൾക്ക് പച്ചക്കറികളെടുക്കാൻ കഴിയാത്തതാണ് സാധന വില കുത്തനെ താഴാൻ കാരണം.
ചെന്നൈയിലെ കോയംവീട്, ഓട്ട്പണിക്കം തുടങ്ങിയ വലിയ മാർക്കറ്റുകളിൽ ടൺ കണക്കിന് സവാളയാണ് ആഴ്ചകളായി കെട്ടിക്കിടക്കുന്നത്. തെങ്കാശി ജില്ലയിലെ പാവൂർ സത്രം, അലംകുളം, ചുരണ്ട തുടങ്ങിയ പ്രധാന മർക്കറ്റുകളിൽ ഒരുകിലോ സവാളക്ക് 12 രൂപയാണ് വ്യാപാരികൾ ഈടാക്കുന്നത്. ഇന്നലെ രാവിലെ 6 മുതൽ 10 വരെയാണ് മാർക്കറ്റ് പ്രവർത്തിപ്പിക്കാൻ പൊലീസ് അനുമതി നൽകിയത്.
ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ മാർക്കറ്റുകൾ പ്രവർത്തിപ്പിക്കാമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇത് ഏതുസമയവും മാറാം.
ഇക്കാരണങ്ങളാൽ കൃഷിയിടങ്ങളിൽ നിന്ന് പച്ചക്കറി സാധനങ്ങൾ മാർക്കലെത്തിക്കാൻ കർഷകർ മടിക്കുകയാണ്. എന്നാൽ തമിഴ്നാടിനോട് അടുത്തുകിടക്കുന്ന കേരളത്തിലെ താലൂക്കുകളിൽ കിലോയ്ക്ക് 25 രൂപയ്ക്ക് വരെയാണ് ചെറുകിട കച്ചവടക്കാർ ഈടാക്കുന്നത്.
സവാളയ്ക്ക് പുറമെ വഴുതനങ്ങ, കിഴങ്ങ്, കാരറ്റ്, ബീൻസ്, തക്കാളി, പച്ചമുളക്, വെണ്ടക്ക തുടങ്ങിയവയ്ക്കും തമിഴ്നാട്ടിലെ മാർക്കറ്റ് വിലയേക്കാൾ ഇരട്ടി തുകയ്ക്കാണ് സമീപത്തെ താലൂക്കുകളിലെ കച്ചവട സ്ഥാപനങ്ങളിൽ വിറ്റഴിക്കുന്നത്. വിലവിവരപ്പട്ടിക പരിശോധിക്കാൻ ഉദ്യോഗസ്ഥർ എത്താത്തതും വില വർദ്ധനവിന് കാരണമായതായി ആരോപണമുണ്ട്.
''
മാർക്കറ്റുകളുടെ പ്രവർത്തന സമയം നിയജപ്പെടുത്തിയതാണ് പെട്ടെന്നുണ്ടായ പ്രതിസന്ധിക്ക് കാരണം. ഈ അവസ്ഥ തുടർന്നാൽ കർഷകർ കടക്കെണിയിലാകുന്നതിനൊപ്പം വ്യാപാരികളും പ്രതിസന്ധിയിലാകും.
വ്യാപാരികൾ
ഒരുകിലോ സവാള
തമിഴ്നാട്: 12 രൂപ
(മറ്റ് പച്ചക്കറികൾക്കും വിലയിടിഞ്ഞു)
കേരളം: 25 രൂപ
മാർക്കറ്റുകൾ പ്രവർത്തിച്ചത് (തമിഴ്നാട്)
ഇന്നലെ: രാവിലെ 6 മുതൽ 10 വരെ
ഇന്ന്: 9 മുതൽ വൈകിട്ട് 5വരെ