കൊല്ലം: ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ചാത്തന്നൂരിലെ വനിതാസുഹൃത്തിന്റെ വീട്ടിലെത്തിയതിന് ആരോഗ്യവകുപ്പ് അവിടെ തന്നെ നിരീക്ഷണത്തിലാക്കിയിരുന്ന അഭിഭാഷകൻ മുങ്ങി. കട്ടച്ചലിലെ വനിതാസുഹൃത്തിന്റെ വീട്ടിൽ നിന്ന് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ മുങ്ങിയ വിവരം ഇന്നലെ രാവിലെയാണ് പൊലീസ് അറിഞ്ഞത്.
ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഇന്ന് പൊലീസിന് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് ചാത്തന്നൂർ പൊലീസ് അറിയിച്ചു. അഭിഭാഷകന്റെ വീട് സ്ഥിതി ചെയ്യുന്ന ഭാഗത്തെ പൊലീസ് സ്റ്റേഷനിലും വിവരം കൈമാറിയിട്ടുണ്ട്. അവിടെയും 14 ദിവസം നിർബന്ധിത ഗൃഹനിരീക്ഷണത്തിൽ കഴിയേണ്ടിവരും.
കട്ടച്ചലിലെ വീട്ടിൽ ലോക്ക് ഡൗൺ ലംഘിച്ച് അപരിചിതനായ ഒരാൾ തിരുവനന്തപുരം രജിസ്ട്രേഷൻ കാറിൽ നിരന്തരം വന്നുപോകുന്നുവെന്ന് പ്രദേശവാസി കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ പകർപ്പ് ചാത്തന്നൂർ പൊലീസിനും ലഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ അഭിഭാഷകൻ വീണ്ടുമെത്തിയപ്പോൾ പ്രദേശവാസികൾ തടഞ്ഞുവച്ച് പൊലീസിനെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കുകയായിരുന്നു.
നിയന്ത്രണങ്ങളുള്ളതിനാൽ തിരികെ പോകാനാകില്ലെന്നും വീടിനുള്ളിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയണമെന്നും ആദിച്ചനല്ലൂർ പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം ചാത്തന്നൂർ പൊലീസ് കേസെടുത്തിരുന്നു. ഇയാളെത്തിയ കാർ പൊലീസ് കസ്റ്റഡിയിലാണ്.