ആനയ്ക്ക് തീറ്റയെടുക്കാനാവുന്നില്ലെന്ന് പരാതി, ലീഗൽ സർവീസ് അതോറിറ്റി അധികൃതർ കണ്ടത് അവശനായ ആനയെ
കുണ്ടറ: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ വെള്ളിമൺ കൊച്ചയ്യപ്പന് ഇനി തുമ്പിക്കൈയുയർത്തി ചിന്നം വിളിക്കാം, വയറുനിറയെ ഭക്ഷണവും കഴിക്കാം. വെള്ളിമൺ ഗജലക്ഷ്മിയിൽ ഓമനക്കുട്ടൻ പിള്ളയുടെ 18 വയസുള്ള ആനയാണ് കൊച്ചയ്യപ്പൻ. നല്ല തലയെടുപ്പുള്ള കൊമ്പൻ. പക്ഷേ കൊച്ചയ്യപ്പന്റെ കൊമ്പുകൾ രണ്ടും വളർന്ന് കൂട്ടിമുട്ടിയതോടെ തുമ്പിക്കൈ ഉയർത്താനോ തീറ്റയെടുക്കാനോ കഴിയാത്ത അവസ്ഥയായി.
തന്റെ ആനയുടെ ദുരിതാവസ്ഥ കണ്ട ഓമനക്കുട്ടൻപിള്ള കൊമ്പ് മുറിക്കുന്നതിന് അധികൃതരെ ബന്ധപ്പെട്ടെങ്കിലും ലോക്ക് ഡൗൺ വില്ലനായെത്തുകയായിരുന്നു. യാത്രാവിലക്കുകൾ മൂലം അനുമതി ലഭിക്കാനും വിദഗ്ദ്ധരെ എത്തിച്ച് മുറിച്ച് മാറ്റാനും കഴിയാതായതോടെ അദ്ദേഹവും വിഷമത്തിലായി.
ഒടുവിൽ ഓമനക്കുട്ടൻപിള്ളയുടെ മനസിൽ ഒരു പോംവഴി തെളിഞ്ഞു. തന്റെ ആനയ്ക്ക് ആഹാരം ലഭിക്കുന്നില്ലെന്ന് കാട്ടി ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി അധികൃതർ നടത്തിയ പരിശോധനയിൽ സത്യാവസ്ഥ ബോദ്ധ്യപ്പെടുകയും കൊമ്പുകൾ മുറിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുകയുമായിരുന്നു. അനുമതി ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയോടെ മൃഗഡോക്ടറെയും ആനക്കൊമ്പ് മുറിക്കുന്ന വിദഗ്ദ്ധനെയും ലീഗൽ സർവീസ് സൊസൈറ്റിയുടെ വാഹനത്തിൽ വെള്ളിമണിലെത്തിച്ചു. കൊമ്പ് മുറിച്ചുമാറ്റുന്നതിന് കൊച്ചയ്യപ്പന്റെ പൂർണ സഹകരണവും കൂടിയായപ്പോൾ ഉച്ചയോടെ ഇരുകൊമ്പുകളും മുറിച്ചുമാറ്റാനായി. വനംവകുപ്പ് അധികൃതരുടെ സാന്നിദ്ധ്യത്തിലാണ് കൊമ്പുകൾ മുറിച്ചുമാറ്റിയത്. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സബ് ജഡ്ജി സുബിത ചിറയ്ക്കൽ നടപടികൾക്ക് നേതൃത്വം നൽകി.
2007ലാണ് ഓമനക്കുട്ടൻ പിള്ള കൊച്ചയ്യപ്പനെ അഞ്ചാം വയസിൽ വെള്ളിമണിലേക്ക് വാങ്ങിക്കൊണ്ടുവന്നത്. ഇത് മൂന്നാമത്തെ തവണയാണ് കൊച്ചയ്യപ്പന്റെ കൊമ്പുകൾ മുറിക്കുന്നത്.