കൊല്ലം: അയൽ സംസ്ഥാനങ്ങളിലെ മലയാളികളെ നാട്ടിലേക്ക് തിരികെയെത്തിക്കാൻ സർക്കാർ നടപടി സ്വീകരിച്ച് തുടങ്ങിയതോടെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് പൊലീസിന്റെ സുരക്ഷാ വലയത്തിലായി. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷാ ചുമതലയ്ക്കായി പുനലൂർ ഡിവൈ.എസ്.പിയുടെ ചുമതലയിൽ രണ്ട് സി.ഐ മാരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചു.
പൊലീസ് ഇടപെടൽ ഇങ്ങനെ
1. ചെക്ക് പോസ്റ്റ് വഴി വരുന്നവരുടെ നോർക്ക രജിസ്ട്രേഷൻ രേഖകൾ പരിശോധിക്കും. ജാഗ്രതാ പോർട്ടൽ വഴി നൽകിയിട്ടുള്ള യാത്രാ പാസ് ഉണ്ടോയെന്ന് ഉറപ്പുവരുത്തും
2. അതിർത്തി കടന്നുവരുന്ന വാഹനങ്ങൾ അതാത് ദിവസത്തെ പാസ് തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തും
3. വാഹന പരിശോധനയ്ക്ക് ശേഷം യാത്രക്കാരുടെ ആരോഗ്യ പരിശോധനയ്ക്ക് ആര്യങ്കാവ് സെന്റ് മേരീസ് സ്കൂളിൽ സൗകര്യം
4.രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രത്യേക ആംബുലൻസിൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും
5. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ ആര്യങ്കാവ് ഗവ. എൽ.പി.എസിൽ തുടർ രജിസ്ട്രേഷൻ നടപടികൾക്ക് അനുവദിക്കും
6. ജോലിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ സാമൂഹിക അകലം പാലിച്ച് മാത്രമേ പരിശോധന നടത്താവൂ
7. ഉദ്യോഗസ്ഥർ മാസ്കും ഗ്ലൗസും ധരിക്കണം. കൃത്യമായ ഇടവേളകളിൽ കൈ കഴുകാനും സാനിറ്റൈസർ പുരട്ടാനും ശ്രദ്ധിക്കണം