മലയാള സിനിമയുമായി ഏറ്റവുമടുത്ത ബന്ധമുള്ള താരമാണ് കമലഹാസൻ. മലയാളം സിനിമ ഇൻഡസ്‌ട്രി തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും മലയാള സിനിമാ താരങ്ങളുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും പല പൊതുവേദികളിലും കമലഹാസൻ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതാ തന്നെ അഭിനയം പഠിപ്പിച്ചതിൽ മലയാള സിനിമയ്‌ക്ക് നിർണായക പങ്കുണ്ടെന്നാണ് ഉലകനായകൻ പറയുന്നത്. നടൻ വിജയ് സേതുപതിയുമായുള്ള വീഡിയോ ചാറ്റിനിടെയാണ് മലയാള സിനിമയെ പ്രശംസിച്ച് കമലഹാസൻ രംഗത്തെത്തിയത്.
കമലഹാസനെ തത്സമയം അഭിമുഖം ചെയ്യുകയായിരുന്നു മക്കൾ സെൻവൻ. വിജയ് സേതുപതിയുടെ ചോദ്യങ്ങൾക്ക് 'സർ' എന്നു തിരിച്ചുവിളിച്ചാണ് കമൽ മറുപടി നല്‍കിയത്. കമൽഹാസന്റെ അഭിനയത്തെ കുറിച്ച് വിജയ് സേതുപതി ചോദിച്ചു. ആ ചോദ്യത്തിന് കമലഹാസൻ നല്‍കിയ മറുപടി ഇങ്ങനെ: "രണ്ട് ഉറവിടങ്ങളിൽ നിന്നാണ് ഞാൻ അഭിനയത്തെ കുറിച്ച് കൂടുതൽ പഠിച്ചത്. ഒന്ന്, സംവിധായകൻ കെ.ബാലചന്ദർ, രണ്ട് മലയാള സിനിമ."
വ്യത്യസ്ത രീതിയിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ മലയാളത്തിലെ അഭിനേതാക്കളും തങ്ങളുടെ താരങ്ങൾ വ്യത്യസ്‌ത കഥാപാത്രങ്ങൾ ചെയ്യുന്നതു കാണാൻ അവരുടെ ആരാധകരും തല്‍പരരാണെന്നും കമലഹാസൻ പറഞ്ഞു.
'നാൻ ഒരു കഥെെ സൊല്ലട്ടുമാ' എന്ന് പറഞ്ഞാണ് കമലഹാസൻ വീഡിയോ ചാറ്റ് ആരംഭിച്ചത്. മക്കൾ സെൽവൻ ആരാധകരെ ഇത് ആവേശത്തിലാക്കി. സിനിമ, ജീവിതം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ കുറിച്ചെല്ലാം കമലും വിജയ് സേതുപതിയും തമ്മിൽ സംസാരിച്ചു. വാണിജ്യ സിനിമകൾക്ക് പുറമെ പോകാതെ കഥയും മൂല്യവും നോക്കി സിനിമകൾ തിരഞ്ഞെടുക്കാനുള്ള വിജയ് സേതുപതിയുടെ കഴിവിനെ കമലഹാസൻ പ്രശംസിച്ചു..