v
ജനം തിക്കിത്തിരക്കി, കൈവിട്ട് കളയല്ലേ...

 ലോക്ക് ഡൗൺ ഇളവുകളിൽ ദുരുപയോഗം, ഗതാഗതക്കുരുക്ക്

കൊല്ലം: ഓറഞ്ച് സോണിലായ കൊല്ലത്തിന് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്ത് പൊതുഇടങ്ങളിലേക്ക് വൻ തോതിൽ ജനങ്ങളെത്തി. ലോക്ക് ഡൗൺ പിൻവലിച്ച പ്രതീതിയായിരുന്നു ഇന്നലെ നിരത്തുകളിൽ. ഒറ്റ,​ ഇരട്ട അക്ക നമ്പർ അനുസരിച്ച് സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും ഫലവത്തായില്ല.

കൊല്ലം ചിന്നക്കട, ഹൈസ്കൂൾ ജംഗ്ഷൻ, കൊട്ടാരക്കര, പുത്തൂർ, പുനലൂർ, കരുനാഗപള്ളി തുടങ്ങി ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പലപ്പോഴും നിരത്തിലെ വാഹന ബാഹുല്യം ഗതാഗത കുരുക്കിന് ഇടയാക്കി. ഒറ്റനിലയിൽ പ്രവർത്തിക്കുന്ന ചെറുകിട തുണിക്കടകൾക്ക് ഉൾപ്പെടെ അഞ്ച് തൊഴിലാളികളുമായി പ്രവർത്തനം തുടങ്ങാൻ അനുമതി നൽകിയിരുന്നു. ഇതോടെ ജില്ലയിലെ ഏതാണ്ട് എല്ലാ ചെറുകിട സ്ഥാപനങ്ങളും തുറന്നു. എല്ലാ മേഖലകളിലും പൊലീസ് നിയന്ത്രണം ശക്തമായിരുന്നെങ്കിലും കാര്യങ്ങൾ കൈവിട്ടുപോയി.

നിസഹായരായി പൊലീസ്

മാർച്ച് 24ന് ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ നിരത്തിൽ ജാഗ്രതയോടെ കാവൽ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ മിക്കയിടത്തും തീർത്തും നിസഹായരായി. കാരണങ്ങളില്ലാതെ വാഹനങ്ങളുമായി പുറത്തിറങ്ങിയവർ പലപ്പോഴും ഉദ്യോഗസ്ഥരുമായി കലഹിച്ചു. ഒരു കാർ തടഞ്ഞ് നിറുത്തിയാൽ പിന്നിൽ ഗതാഗത കുരുക്ക് രൂപപ്പെടുന്ന അവസ്ഥ വന്നതോടെ പൊലീസിന് മാറിനിൽക്കേണ്ടിവന്നു.

പൊതുഇടങ്ങളിൽ തിങ്ങിനിറ‌ഞ്ഞ്

1. ഇളവുകളിൽ ജനം കൂട്ടത്തോടെ പുറത്തേക്ക്

2. നഗരങ്ങളിലും റോഡുകളിലും വൻ തിരക്ക്

3. സാമൂഹിക അകലവും അട്ടിമറിക്കപ്പെടുന്നു

4. പുറത്തിറങ്ങുന്നവർ മാസ്ക് ഉപയോഗിക്കുന്നില്ല

5. നിയന്ത്രണം കൈവിട്ട് പൊലീസും

സാമൂഹികഅകലം പാളി,​ മാസ്കുമില്ല

പൊതുഇടങ്ങളിൽ ഇന്നലെ സാമൂഹികഅകലം അട്ടിമറിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. വ്യാപാര കേന്ദ്രങ്ങളിലും നിരത്തുകളിലും ജനങ്ങൾ ഒരുമിച്ചുകൂടി. പലരും മാസ്ക് ധരിക്കാനും തയ്യാറായില്ല. കാറുകളിൽ മൂന്നുപേർ മാത്രമേ സഞ്ചരിക്കാവൂ എന്ന നിർദേശവും പാലിക്കപ്പെട്ടില്ല. സ്ഥിതി തുടർന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെല്ലാം വെറുതെയാകുന്ന സാഹചര്യം രൂപപ്പെടും.

വാഹനങ്ങൾ പുറത്തിറക്കേണ്ടത്

ഒടുവിലെ അക്കം 1,3,5, 7,9 (തിങ്കൾ, ബുധൻ, വെള്ളി)​

ഒടുവിലെ അക്കം 0, 2, 4, 6, 8 (ചൊവ്വ, വ്യാഴം, ശനി)​

''

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയാൽ നടപടിയുണ്ടാകും. ഹോട്ട് സ്പോട്ടുകളിൽ ഉൾപ്പടെ പൊലീസ് പരിശോധന കർശനമാക്കും. സാമൂഹിക അകലം അട്ടിമറിക്കാൻ അനുവദിക്കില്ല.


ടി. നാരായണൻ

സിറ്റി പൊലീസ് കമ്മിഷണർ